
തിരുവനന്തപുരം: എല്ലാ ആശുപത്രികളിലും രോഗികള്‍ക്ക് ക്യാഷ് ലെസ് ട്രീറ്റ്‌മെന്റ് ലഭിക്കുന്ന വിധത്തില്‍ പുതുക്കിയ ജനറല്‍ ഇന്‍ഷുറന്‍സ് കൗണ്‍സിലിന്റെ പുതിയ പദ്ധതിയുമായി സഹകരിക്കില്ലെന്ന് കേരളത്തിലെ സ്വകാര്യ ആശുപത്രികള്‍. ഇന്‍ഷുറന്‍സ് കമ്പനികളുടെ കൂട്ടായ്മ ഒറ്റയ്‌ക്കെടുത്ത തീരുമാനമായതിനാല്‍ അംഗീകരിക്കേണ്ടതില്ലെന്നാണ് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ്അസോസിയേഷന്റെ തീരുമാനം.
ഇന്‍ഷുറന്‍സ് കമ്പനിയുടെ നെറ്റ് വര്‍ക്കിലുള്ള ആശുപത്രി അല്ലെങ്കില്‍ കൂടി രോഗികള്‍ക്ക് ക്യാഷ് ലെസ് ട്രീറ്റ്‌മെന്റിന് ആശുപത്രി തെരഞ്ഞെടുക്കാന്‍ കഴിയുന്നവിധമാണ് ജനറല്‍ ഇന്‍ഷുറന്‍സ് കൗണ്‍സില്‍ പുതിയ ചട്ടത്തിന് രൂപം നല്‍കിയത്. ഇനിമുതല്‍ ഏത് ആശുപത്രിയിലും ക്യാഷ്‌ലെസ് ട്രീറ്റ്‌മെന്റിന് പോളിസി ഉടമയ്ക്ക് സമീപിക്കാമെന്നും ഇന്‍ഷുറന്‍സ് കമ്പനികള്‍ വ്യക്തമാക്കിയിരുന്നു. ജനുവരി 25 മുതലാണ് പുതിയ ചട്ടം പ്രാബല്യത്തില്‍ വന്നത്. എന്നാല്‍ ഈ പദ്ധതിയുമായി സഹകരിക്കേണ്ടതില്ലെന്നാണ് കേരളത്തിലെ സ്വകാര്യ ആശുപത്രികളുടെ തീരുമാനം.
നിലവില്‍ കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ള ആശുപത്രികളില്‍ അല്ലാതെ എല്ലാ ആശുപത്രികളിലും ക്യാഷ് ലെസ്സ് ചികിത്സ ലഭിക്കുമെന്ന് ഇന്‍ഷുറന്‍സ് കമ്പനികളുടെ പ്രസ്താവന പൊതുജനങ്ങളെ കബളിപ്പിക്കുന്നതാണെന്ന് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ്അസോസിയേഷന്‍ വ്യക്തമാക്കി. ചെലവാകുന്ന പണം ആശുപത്രികള്‍ക്ക് കൃത്യമായി തിരികെ കിട്ടുമോ എന്നുള്ള ആശങ്കയും നിലനില്‍ക്കുന്നുണ്ട്. കേരളത്തിലെ ഒരു ആശുപത്രിയുമായും ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ കൂട്ടായ്മ ചര്‍ച്ച നടത്തിയിട്ടില്ലെന്നാണ് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് വ്യക്തമാക്കുന്നത്.
പദ്ധതി നടപ്പാക്കുമ്പോള്‍ എത്ര തുക എത്ര സമയത്തിനുള്ളില്‍ ആശുപത്രികള്‍ക്ക് കിട്ടും എന്നുള്ള ആശങ്ക നിലനില്‍ക്കുന്നുണ്ട്. സര്‍ക്കാരിന്റെ പല പദ്ധതികളിലും അംഗങ്ങളായ സ്വകാര്യ ആശുപത്രികള്‍ക്ക് ഇപ്പോള്‍തന്നെ കോടിക്കണക്കിന് രൂപ ലഭിക്കാന്‍ ഉണ്ട്. ഇത് ആശുപത്രികളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുമുണ്ട്. ഇതിനിടയിലാണ് ക്യാഷ് ലെസ്സ് പദ്ധതി കൊണ്ടുവരുന്നത് എന്നതിനാല്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ നിലപാട് പൂര്‍ണമായും അംഗീകരിക്കാന്‍ ആകില്ലെന്നാണ് മാനേജ്‌മെന്റ് അസോസിയേഷന്റെ നിലപാട്.
ഇന്‍ഷുറന്‍സ് കമ്പനിയുടെ നെറ്റ് വര്‍ക്കിന് കീഴിലുള്ള ആശുപത്രിയായിരിക്കണമെന്ന നിലവിലെ നിബന്ധന എടുത്ത് കളഞ്ഞു കൊണ്ടാണ് പുതിയ ചട്ടം നിലവില്‍ വന്നത്. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനികളുമായി കൂടിയാലോചനകള്‍ നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ജനറല്‍ ഇന്‍ഷുറന്‍സ് കൗണ്‍സില്‍ പുതിയ ചട്ടത്തിന് രൂപം നല്‍കിയത്. നിലവില്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായി കൈകോര്‍ത്തിരിക്കുന്ന ആശുപത്രികളിലാണ് ക്യാഷ് ലെസ് ട്രീറ്റ്‌മെന്റ് ലഭിക്കുന്നത്. നെറ്റ് വര്‍ക്കിന് പുറത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടിയാല്‍ ചെലവഴിച്ച തുക തിരിച്ച് ലഭിക്കുന്നതിന് പോളിസി ഉടമ റീഇംബേഴ്‌സ്‌മെന്റ് ക്ലെയിം നല്‍കുന്നതാണ് ഇതുവരെയുള്ള രീതി. ഇതിലാണ് മാറ്റം കൊണ്ടുവന്നത്.














