
ന്യൂഡൽഹി: ഉത്തർപ്രദേശിൽ കോൺഗ്രസുമായുള്ള സഖ്യ ചർച്ചകൾ പുരോഗമിക്കവെ, സീറ്റ് വിഭജന ചർച്ചകളിൽ സമാജ്‌വാദി പാർട്ടി(എസ്പി)യെ അനുനയിപ്പിച്ചത് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഇടപെടൽ. എസ്പി മുന്നോട്ടുവെച്ച 17 സീറ്റെന്ന ഓഫര്‍ കോണ്‍ഗ്രസ് അംഗീകരിച്ചു. ചില മണ്ഡലങ്ങളിലെ തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യ മുന്നണിയുമായുള്ള സീറ്റ് വിഭജന ചർച്ചകൾ വഴിമുട്ടിയിരുന്നു.
കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയാണ് സംഭാഷണത്തിന് തുടക്കമിട്ടതെന്നും രാഹുല്‍ ഗാന്ധിയുമായി വിഷയം ചര്‍ച്ച ചെയ്ത ശേഷം അഖിലേഷ് യാദവുമായി പ്രിയങ്ക സംസാരിച്ചുവെന്നുമാണ് റിപ്പോർട്ട്. മൊറാദാബാദ് സീറ്റിനുള്ള ആവശ്യം കോണ്‍ഗ്രസ് ഉപേക്ഷിച്ച് പകരം സീതാപൂര്‍, ശ്രാവസ്തി, വാരണാസി എന്നിവ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ചര്‍ച്ചകള്‍ മുന്നോട്ട് നീങ്ങിയത്.
80 സീറ്റുകളുള്ള യു.പിയില്‍ 63 സീറ്റുകളില്‍ സമാജ് വാദി പാര്‍ട്ടിയും 17 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും മത്സരിക്കാനാണ് ധാരണ. 11 സീറ്റുകളാണ് കോണ്‍ഗ്രസിനായി എസ്.പി ആദ്യം മാറ്റിവെച്ചിരുന്നത്. ആര്‍.എല്‍.ഡി പാര്‍ട്ടി എന്‍.ഡി.എയിലേക്ക് പോയതോടെ ഇവര്‍ക്കായി മാറ്റിവെച്ച ആറ് സീറ്റ് കൂടി കോണ്‍ഗ്രസിന് നല്‍കാമെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു.
സംസ്ഥാനത്ത് മുമ്പ് മത്സരിച്ചിരുന്ന 21 സീറ്റുകള്‍ക്ക് പുറമേ മൂന്ന് പുതിയ സീറ്റുകള്‍ കൂടി ചേര്‍ത്ത് 24 സീറ്റുകളാണ് ഇത്തവണ എസ്.പിയോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ സമാജ്‌വാദി പാര്‍ട്ടി നേതൃത്വം തയ്യാറായില്ല.
തുടര്‍ന്ന് ഇരുപാര്‍ട്ടികളും തമ്മിലുള്ള പ്രശ്‌നപരിഹാരത്തിനായി പ്രിയങ്ക ഗാന്ധി ഇടപെട്ട് അഖിലേഷ് യാദവിനെ അനുനയിപ്പിക്കുകയും തുടര്‍ന്ന് 17 സീറ്റെന്ന ഓഫര്‍ അംഗീകരിക്കുന്നതായി അറിയിക്കുകയുമായിരുന്നു.
അമേഠി, റായ്ബറേലി, പ്രയാഗ്രാജ്, വാരണാസി, മഹാരാജ്ഗഞ്ച്, ഡിയോറിയ, ബന്‍സ്ഗാവ്, സീതാപൂര്‍, അംറോഹ, ബുലന്ദ്ഷഹര്‍, ഗാസിയാബാദ്, കാണ്‍പൂര്‍, ഝാന്‍സി, ബരാബങ്കി, ഫത്തേപൂര്‍ സിക്രി, സഹാറന്‍പൂര്‍, മഥുര എന്നീ സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കും. സഖ്യം ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ ഇരുപാര്‍ട്ടികളും ഉടന്‍ വാര്‍ത്താസമ്മേളനം നടത്തിയേക്കും.