
ദില്ലി: കേരളത്തെ കണ്ണീരിലാഴ്ത്തിയ വയനാട് ദുരന്തത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ നേരിൽ കണ്ട് 2221 കോടിയുടെ സഹായം ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി. ഇതിന് പിന്നാലെ വയനാട് ദുരന്തത്തെ അതീവ ഗുരുതര വിഭാഗത്തിൽ ഉൾപ്പെടുത്തിയതായി കേന്ദ്ര സർക്കാർ അറിയിച്ചു. 2219 കോടി രൂപയുടെ പാക്കേജ് അന്തർ മന്ത്രാലയ സമിതി പരിശോധിക്കുകയാണെന്നും മാർഗ നിർദ്ദേശങ്ങൾക്കനുസരിച്ചാകും സഹായ ധനത്തിൽ തീരുമാനമെന്നും കേന്ദ്രം വ്യക്തമാക്കി. ഗുരുതര സ്വഭാവത്തിലുള്ള ദുരന്തം എന്ന ഗണത്തിലാണ് വയനാട് ദുരന്തത്തെ കേന്ദ്രം ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ കേരളം ആവശ്യപ്പെട്ടത് പോലെ ലെവൽ 3 വിഭാഗത്തിൽ വയനാട് ദുരന്തത്തെ ഉൾപ്പെടുത്തിയോ എന്നത് വ്യക്തമല്ല.
അതേസമയം വയനാട് പാക്കേജ് ആവശ്യവുമായി യുഡിഎഫ്, എൽഡിഎഫ് എംപിമാർക്കൊപ്പമാണ് പ്രിയങ്ക ഗാന്ധി ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടത്. 2221 കോടി രൂപയുടെ സഹായമാണ് സംഘം തേടിയത്. വയനാട് പാക്കേജിൽ നാളെ വിശദാംശങ്ങൾ നൽകാമെന്ന് അമിത് ഷാ അറിയിച്ചു. ഇതുവരെ സംസ്ഥാനത്തിന് നൽകിയ സഹായവും കേന്ദ്ര പരിഗണനയിലുള്ളതും നാളെ അറിയിക്കാമെന്നാണ് അമിത് ഷാ വ്യക്തമാക്കിയത്.
സംസ്ഥാന ദുരന്ത നിവാരണ നിധിയിൽ കേരളത്തിന്‍റെ 783 കോടി രൂപയുണ്ട്. 153 കോടി രൂപ കേരളത്തിന് നവംബർ 16ന് അനുവദിച്ചിരുന്നു. വ്യോമസേനാ രക്ഷാപ്രവർത്തനത്തിനും അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുമായി ചെലവായ തുകയാണിത്. കൂടുതൽ സഹായ ധനത്തിന്‍റെ കാര്യത്തിൽ വൈകാതെ തീരുമാനമുണ്ടാകുമെന്നാണ് ഇതോടെ വ്യക്തമാകുന്നത്.