
മാനന്തവാടി: ചരിത്രവിജയം നൽകിയ ജനങ്ങളോട് നന്ദി പറയാനെത്തിയ പ്രിയങ്ക ഗാന്ധിയെ ഹൃദയത്തിൽ സ്വീകരിച്ച് വയനാടൻ ജനത. മാനന്തവാടിയിലും സുൽത്താൻ ബത്തേരിയിലും നന്ദി പറയാനെത്തിയ പ്രിയങ്കയെ വീണ്ടും കാണാൻ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. കന്നിയങ്കത്തിൽ തന്നെ ഉജ്വല വിജയം നൽകിയ വോട്ടർമാരോട് കൈകൂപ്പി നന്ദി പറഞ്ഞ പ്രിയങ്ക ഗാന്ധിയുടെ വാക്കുകൾ മാനന്തവാടിയിൽ ഒഴുകിയെത്തിയ ആയിരങ്ങൾ നെഞ്ചിലേറ്റി. തന്റെ ആദ്യ ഉദ്യമം മലയാളം പഠിക്കുക എന്നാണെന്നും വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടി പോരാടുക, അവരുടെ ജീവിതം മെച്ചപ്പെടുത്തുക എന്നത് തൻ്റെ ഉത്തരവാദിത്വമാണെന്നും അവർ വിവരിച്ചു.
മാനന്തവാടിയിലെ പ്രസംഗം
വയനാട്ടിലെ ജനങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും ജനപ്രതിനിധിയായി തെരഞ്ഞെടുത്തതിനും നന്ദി പറഞ്ഞായിരുന്നു പ്രിയങ്ക ഗാന്ധി പ്രസംഗം ആരംഭിച്ചത്. തെരഞ്ഞെടുപ്പിന് വേണ്ടി കഠിനപ്രയത്നം ചെയ്ത യു.ഡി.എഫ്. പ്രവർത്തകർക്ക് നന്ദി. നിങ്ങളുടെ കഠിനാധ്വാനം ഇല്ലായിരുന്നുവെങ്കിൽ ഇത്രയും വലിയ ഭൂരിപക്ഷം സാധ്യമല്ലായിരുന്നു. തന്റെ ആദ്യ ഉദ്യമം മലയാളം പഠിക്കുക എന്നാണ്. വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടി പോരാടുക, അവരുടെ ജീവിതം മെച്ചപ്പെടുത്തുക എന്നത് തൻ്റെ ഉത്തരവാദിത്വമാണ്. നിങ്ങളുടെ സ്നേഹത്തെ പൂർണ ഉത്തരവാദിത്വത്തോടെ ഏറ്റെടുക്കുന്നു. ആദിവാസി സഹോദരങ്ങൾ നേരിടുന്ന വിദ്യാഭ്യാസ, ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണം. വിളകൾക്ക് കൃത്യമായ വില ലഭിക്കാത്തത്, മനുഷ്യ-വന്യജീവി സംഘർഷം എന്നിവ കാരണം കർഷകർ കഷ്ടപ്പെടുന്നു. വയനാട്ടിൽ ദുരന്തമുണ്ടായത് ഒരു ചെറിയ പ്രദേശത്ത് മാത്രമാണെന്ന് ലോകത്തോട് പറയണം. ഇവിടെ സുരക്ഷിതമാണെന്ന് ലോകത്തെ ബോധ്യപ്പെടുത്തണം. വയനാട് മെഡിക്കൽ കോളജിൻ്റെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കണം. വിനോദ സഞ്ചാര മേഖല ശക്തിപ്പെടുത്തിയാൽ ഒരുപാട് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ കഴിയും. രാഷ്ട്രീയ ജീവിതത്തിൽ കണ്ടതിൽ വെച്ച് ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് വയനാട്ടിലേത്. തെരഞ്ഞെടുപ്പ് സമയത്ത് വയനാട് ദുരന്തത്തിൽ സർവതും നഷ്ടപ്പെട്ട ഒരു കുട്ടിയെ പരിചയപ്പെട്ടു. മറ്റുള്ളവരെ സഹായിക്കുകയാണ് ഹോബിയെന്ന് അവനെന്നോട് പറഞ്ഞു. വയനാടിനെ പാർലമെൻ്റിൽ പ്രതിനിധീകരിക്കുകയെന്നത് ഏറ്റവും വലിയ ആദരവും ഭാഗ്യവുമാണെന്ന് അവൻ്റെ ഉത്തരം കേട്ടപ്പോൾ മനസിലായി. വയനാട്ടിലെ ജനങ്ങൾ പുലർത്തുന്ന സ്നേഹം സവിശേഷമാണ്. രാജ്യത്തിൻ്റെ ആത്മാവിനും ഭരണഘടനയുടെ മൂല്യങ്ങൾ സംരക്ഷിക്കാനും ഓരോ പൗരനും മെച്ചപ്പെട്ട ഭാവി ഉണ്ടാകാനുള്ള അവകാശത്തിനും വേണ്ടിയാണ് നമ്മൾ പോരാടിക്കൊണ്ടിരിക്കുന്നത്. രാജ്യത്തെ വിഭവങ്ങൾ നീതിപൂർവമായ രീതിയിൽ ജനങ്ങൾക്ക് നൽകുന്നതിന് വേണ്ടിയുള്ള, രാജ്യം പടുത്തുയർത്തപ്പെട്ട സ്ഥാപനങ്ങളെ തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെയാണ് നമ്മുടെ പോരാട്ടമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
സുൽത്താൻ ബത്തേരിയിലെ പ്രസംഗം
വയനാടിന്റെ ജനപ്രതിയായി തെരഞ്ഞെടുത്തതിന് ഹൃദയത്തിൻ്റെ ആഴത്തിൽ നിന്ന് നന്ദി പറഞ്ഞുകൊണ്ട് പ്രസംഗം തുടങ്ങിയ പ്രിയങ്ക ഗാന്ധി വയനാട്ടിലെ ടൂറിസം മേഖലയെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കണമെന്ന് പറഞ്ഞു. വയനാട്ടിലെ ചെറിയൊരു പ്രദേശത്തെ മാത്രമാണ് ദുരന്തം ബാധിച്ചത്. വയനാട് സുരക്ഷിതമാണെന്ന സന്ദേശം ലോകത്തിന് നൽകണം. ജനാധിപത്യം ദുർബലപ്പെടുത്താൻ ശ്രമിക്കുന്ന ശക്തിക്കെതിരെയാണ് നമ്മൾ പോരാടുന്നത്. അവർക്ക് കഴിയാവുന്നത്രയും ഭരണഘടനയെ ദുർബലപ്പെടുത്തികൊണ്ടിരിക്കുന്നു. ജനങ്ങൾക്കിടയിൽ വിഭാഗീയതയും അകൽച്ചയും സൃഷ്ടിക്കുന്ന രാഷ്ട്രീയത്തിനെതിരെയാണ് നമ്മൾ പോരാടുന്നത്. അധികാരം എപ്പോഴും ജനങ്ങളിൽ ആയിരിക്കണം. വയനാട് ദുരന്തം നടന്നിട്ട് നാലുമാസം പിന്നിട്ടു. അതിരില്ലാത്ത വേദനയും കഷ്ടപ്പാടുകളും നേരിട്ടാണ് അവിടുത്തെ ജനങ്ങൾ കടന്നുപോയത്. അവരുടെ ജീവിതം പഴയപടിയാക്കുവാനാവശ്യമായ കാര്യങ്ങൾ ചെയ്യേണ്ടത് നമ്മുടെ ഏറ്റവും വലിയ ഉത്തരവാദിത്തമാണ്. ഈ സമയത്ത് രാഷ്ട്രീയമല്ല കളിക്കേണ്ടത്. എല്ലാവരും ചേർന്ന് ദുരന്തബാധിതരെ സഹായിക്കുകയാണ് വേണ്ടത്. ഒന്നര വർഷങ്ങൾക്കു മുൻപ് ഇതേ സാഹചര്യങ്ങളിൽ ബുദ്ധിമുട്ടുന്ന ആളുകളെ ഞാൻ ഹിമാചൽ പ്രദേശിൽ കണ്ടിരുന്നു. ഹിമാചൽ പ്രദേശ് ഭരിക്കുന്നത് കോൺഗ്രസ് സർക്കാർ ആയതുകൊണ്ട് ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിന് കേന്ദ്രസർക്കാർ സഹായം നൽകിയില്ല. വയനാട്ടിൽ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ദുരന്തബാധിതരെ സഹായിക്കാൻ ആവശ്യമായ ഒന്നും ചെയ്യുന്നില്ല. വയനാട്ടിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി എനിക്ക് കഠിനമായി പ്രയത്നിക്കേണ്ടതുണ്ട്. വയനാട്ടിലെ ജനങ്ങൾ എന്നിലർപ്പിച്ച വിശ്വാസത്തെ ഏറ്റവും ഗൗരവത്തോടെ കണക്കിലെടുക്കുന്നു. എൻ്റെ കടപ്പാട് നിങ്ങളോട് പ്രകടിപ്പിക്കുന്നത് ഇനിയുള്ള പ്രവർത്തനങ്ങളിലൂടെയായിരിക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.ചടങ്ങിൽ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ ഡി.പി രാജശേഖരൻ അധ്യക്ഷനായി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ.പി. അനിൽകുമാർ എം.എൽ.എ., ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ., ഡി.സി.സി. പ്രസിഡൻ്റ് എൻ.ഡി. അപ്പച്ചൻ, മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി ടി. മുഹമ്മദ്, കെ.ഇ. വിനയൻ, എം.വി. ഉലഹന്നാൻ, എൻ.എം. വിജയൻ, ഉമ്മർ കുണ്ടാട്ടിൽ, വർഗീസ് മുരിയങ്കാവിൽ, നിഷി അഹമ്മദ്, എൻ.സി. കൃഷ്ണകുമാർ, ഹാരിസ്, ബാബു കടുപ്പത്തൂർ, അഡ്വ. സതീഷ് പൂതിക്കാട് എന്നിവർ പങ്കെടുത്തു.