‘ഞാനും രാഹുലും മത്സരിച്ചാല്‍ അത് ബിജെപിക്ക് ഗുണംചെയ്യും’; തിരഞ്ഞെടുപ്പില്‍ നിന്നും പിന്മാറിയ കാരണം വെളിപ്പെടുത്തി പ്രിയങ്ക

രാജ്യത്തുടനീളം പാര്‍ട്ടിക്ക് വേണ്ടിയുള്ള പ്രചാരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആഗ്രഹിക്കുന്നതിനാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. താനും രാഹുല്‍ ഗാന്ധിയും തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ അത് ബിജെപിക്ക് ഗുണം ചെയ്യുമെന്നും പ്രിയങ്ക പറഞ്ഞു.

‘ഞാന്‍ കഴിഞ്ഞ 15 ദിവസമായി റായ്ബറേലിയില്‍ പ്രചാരണം നടത്തുന്നു. ഗാന്ധി കുടുംബത്തിന് റായ്ബറേലിയുമായി പഴയ ബന്ധമുണ്ട്. അതിനാല്‍, ഞങ്ങള്‍ ഇവിടെ വന്ന് അവരെ സന്ദര്‍ശിച്ച് അവരുമായി ഇടപഴകുമെന്ന് ആളുകള്‍ പ്രതീക്ഷിക്കുന്നു. റിമോട്ട് കണ്‍ട്രോളിലൂടെ ഇവിടെ വോട്ടെടുപ്പ് ജയിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല.’ പ്രിയങ്ക പറഞ്ഞു.

മാത്രമല്ല, തങ്ങള്‍ രണ്ടുപേരും മത്സരിച്ചാല്‍ കുറഞ്ഞത് 15 ദിവസമെങ്കിലും അവരവരുടെ മണ്ഡലങ്ങളില്‍ നീക്കിവെക്കേണ്ടി വരുമായിരുന്നുവെന്നും രാജ്യം മുഴുവന്‍ പ്രചാരണം നടത്തുന്നതാണ് ഉചിതമെന്ന് ഞങ്ങള്‍ കരുതിയെന്നും പ്രിയങ്ക വ്യക്തമാക്കി. അതേസമയം, ഭാവിയില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന ചോദ്യത്തിന് കൃത്യമായ പറുപടി നല്‍കാതെ ഒഴിഞ്ഞുമാറുകയും ചെയ്തു പ്രിയങ്ക. ‘ഞാന്‍ ഒരിക്കലും ഒരു പാര്‍ലമെന്റേറിയനാകുമെന്നോ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെക്കുറിച്ചോ ചിന്തിച്ചിട്ടില്ല. തരുന്ന ഏത് റോളിലും പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ തെരഞ്ഞെടുപ്പില്‍ പോരാടണമെന്ന് ആളുകള്‍ക്ക് തോന്നുന്നുവെങ്കില്‍, ഞാന്‍ മത്സരിക്കും, എന്നായിരുന്നു പ്രിയങ്കയുടെ മറുപടി.

തോല്‍ക്കുമെന്ന ഭയം മൂലമാണ് പ്രിയങ്ക തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്തതെന്ന ബിജെപിയുടെ ആരോപണത്തിന് മറുപടിയായി, ബിജെപിയുടെ തന്ത്രത്തിനനുസരിച്ചല്ല പാര്‍ട്ടി പ്രവര്‍ത്തിക്കുന്നതെന്നും പ്രിയങ്ക വ്യക്തമാക്കി. എന്തുകൊണ്ടാണ് മോദി ഗുജറാത്തിലെ വഡോദരയില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്തതെന്നും അവര്‍ ചോദിച്ചു. ‘പ്രധാനമന്ത്രി മോദിക്ക് ഭയമാണോ? എന്തുകൊണ്ടാണ് അദ്ദേഹം 2014 ന് ശേഷം വഡോദരയില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്തത്? അദ്ദേഹം ഗുജറാത്തില്‍ നിന്ന് ഓടിപ്പോയോ? എന്നും പ്രിയങ്ക ചോദിച്ചു.

More Stories from this section

family-dental
witywide