
വാഷിംഗ്ടണ്‍: അമേരിക്കയിലെ പല സര്‍വ്വകലാശാലകളിലും നടന്ന പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ തകര്‍ത്ത് നിരവധി ആളുകളെ പോലീസ് അറസ്റ്റ് ചെയ്തു. പെന്‍സില്‍വാനിയ സര്‍വകലാശാലയിലും മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലും വെള്ളിയാഴ്ച പലസ്തീന്‍ അനുകൂല പ്രതിഷേധ ക്യാമ്പുകള്‍ പൊളിച്ചുമാറ്റുന്നതിനിടെയാണ് നിരവധി അറസ്റ്റുണ്ടായിരിക്കുന്നത്.
ഫിലാഡല്‍ഫിയയും പെന്നിലെ കാമ്പസ് പോലീസും രണ്ടാഴ്ചയിലേറെയായി ക്യാമ്പില്‍ നിന്നും പ്രതിഷേധക്കാരെ നീക്കാന്‍ ശ്രമം തുടരുകയാണ്. പ്രതിഷേധക്കാര്‍ക്ക് മുന്നറിയിപ്പും തടങ്കലില്‍ വയ്ക്കാതെ ഒഴിഞ്ഞുപോകാനുള്ള അവസരവും നല്‍കിയതായി കോളെജ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഫാക്കല്‍റ്റി അംഗങ്ങളും ഏഴ് വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ 33 പേരാണ് ആദ്യം അറസ്റ്റിലായത്. പിന്നീട്, ഇവരില്‍ അറസ്റ്റിലായവരില്‍ ഒമ്പത് വിദ്യാര്‍ത്ഥികളുണ്ടെന്നും ബാക്കിയുള്ളവര്‍ പെന്നുമായി യാതൊരു ബന്ധവുമില്ലാത്തവരാണെന്നും അധികൃതര്‍ പറഞ്ഞു.
ക്യാമ്പില്‍ തിരച്ചില്‍ നടത്തിയ പോലീസ് ചെറിയ ആയുധങ്ങളായി മാറ്റാന്‍ കഴിയുന്ന നിരവധി നീളമുള്ള ചെയിനുകളും അതുപോലെ ആയുധങ്ങളായി ഉപയോഗിക്കാനാകുന്ന നട്ടുകളും ബോള്‍ട്ടുകളും ഘടിപ്പിച്ച ചെറിയ ചെയിനുകളും കണ്ടെടുത്തതായും റിപ്പോര്‍ട്ടുണ്ട്.