പലസ്തീന്‍ അനുകൂല പ്രതിഷേധം ആളിപ്പടരുന്നു ; കൊളംബിയ ക്യാമ്പസിലേക്ക് പാഞ്ഞെത്തി പൊലീസ്, കണ്ണീര്‍ വാതക പ്രയോഗം, അറസ്റ്റ്‌

ന്യൂയോര്‍ക്ക്: ഇസ്രയേല്‍ ഹമാസുമായുള്ള യുദ്ധത്തിനിടെയില്‍ ഗാസ മുനമ്പില്‍ മരണസംഖ്യ കുതിച്ചുയരുന്നതില്‍ പ്രതിഷേധിച്ച് കൊളംബിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ നടത്തിവരുന്ന പ്രതിഷേധം അമേരിക്കയിലെ മറ്റ് ക്യാമ്പസുകളിലേക്കും പടര്‍ന്നിരുന്നു. പ്രതിഷേധക്കാരെ ഒഴിപ്പിക്കാന്‍ ന്യൂയോര്‍ക്ക് സിറ്റിയുടെ ഹൃദയഭാഗത്തുള്ള കൊളംബിയ സര്‍വകലാശാലയുടെ കാമ്പസിലേക്ക് ചൊവ്വാഴ്ച ഡസന്‍ കണക്കിന് പോലീസ് എത്തുകയും പലസ്തീന്‍ അനുകൂല വിദ്യാര്‍ത്ഥി പ്രതിഷേധക്കാര്‍ തടഞ്ഞുവച്ച കെട്ടിടം ഒഴിപ്പിക്കുകയും ചെയ്തു. കണ്ണീര്‍ വാതക പ്രയോഗം ഉള്‍പ്പെടെ നടത്തിയാണ് പ്രതിഷേധക്കാരെ ഒഴിപ്പിച്ചത്.

ചൊവ്വാഴ്ച രാത്രി, പോലീസ് ഉദ്യോഗസ്ഥര്‍ രണ്ടാം നിലയിലെ ജനലിലൂടെ ഹാമില്‍ട്ടണ്‍ ഹാളില്‍ പ്രവേശിച്ചു. തുടര്‍ന്നാണ് ഒഴിപ്പിക്കല്‍ നടപടിയിലേക്ക് കടന്നത്. അതേസമയം നിരവധി പ്രതിഷേധക്കാരെ ക്യാമ്പസ് 116-ലും ന്യൂയോര്‍ക്കിലെ ആംസ്റ്റര്‍ഡാമിലും കസ്റ്റഡിയിലെടുത്തതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.

ഗാസ മുനമ്പില്‍ ഹമാസുമായുള്ള ഇസ്രായേല്‍ യുദ്ധത്തില്‍ മരണസംഖ്യ കുതിച്ചുയരുന്നതില്‍ പ്രതിഷേധിച്ച്, ഏത് കുടിയൊഴിപ്പിക്കലിനെതിരെയും തങ്ങള്‍ പോരാടുമെന്ന് പ്രതിജ്ഞയെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ ഹാമില്‍ട്ടണ്‍ ഹാള്‍ ചൊവ്വാഴ്ച പുലര്‍ച്ചെ പിടിച്ചെടുത്തിരുന്നു. ഇതാണ് പൊലീസ് എത്തി ഒഴിപ്പിച്ചത്. ഡസന്‍ കണക്കിന് കാമ്പസുകളില്‍ പലസ്തീന്‍ അനുകൂല പ്രകടനങ്ങള്‍ തടയാന്‍ യുഎസിലെ യൂണിവേഴ്‌സിറ്റി അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ പാടുപെടുന്നതിനിടെയാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസിന് രംഗത്തെത്തേണ്ടി വരുന്നത്.

1960 കളിലെയും 70 കളിലെയും വിയറ്റ്‌നാം യുദ്ധ പ്രതിഷേധങ്ങള്‍ക്ക് ശേഷം യു.എസ് കോളേജ് കാമ്പസുകളെ ഇളക്കിമറിച്ച ഏറ്റവും വ്യാപകവും നീണ്ടതുമായ പ്രതിഷേധമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. സസ്പെന്‍ഷനും പുറത്താക്കല്‍ ഭീഷണിയും ഉണ്ടായിരുന്നിട്ടും വിദ്യാര്‍ത്ഥികള്‍ പിന്തിരിയുന്ന മട്ടില്ല.

അതേസമയം, ഹമാസിനെതിരായ പോരാട്ടത്തില്‍ ഇസ്രയേലിന് സഹായമെത്തിക്കുന്ന അമേരിക്ക, ഹാമില്‍ട്ടണ്‍ ഹാള്‍ പിടിച്ചെടുത്തതിനെ നിശിതമായി വിമര്‍ശിച്ചു. ഇത് തികച്ചും തെറ്റായ സമീപനമാണെന്നും സമാധാനപരമായ പ്രതിഷേധത്തിന്റെ ഉദാഹരണമല്ലെന്നും വൈറ്റ്ഹൗസ് വക്താവ് പ്രതികരിച്ചു.

More Stories from this section

family-dental
witywide