
ന്യൂഡൽഹി: എംഎൽഎയ്‌ക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർ ഇന്ന് രാവിലെ എഎപി നേതാവ് അമാനത്തുള്ള ഖാൻ്റെ വസതിയിലെത്തി. ഡൽഹി വഖഫ് ബോർഡിലെ നിയമനങ്ങളിലും വസ്തുവകകൾ പാട്ടത്തിനെടുത്തതിലും ക്രമക്കേട് നടന്നുവെന്നതാണ് കേസ്.
2016 മുതൽ ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നുണ്ടെന്നും ഇതുവരെ തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ലെന്നും ഇതിലൂടെ തന്നെയും തന്റെ പാർട്ടി അംഗങ്ങളെയും ഉപദ്രവിക്കുകയാണ് ഇ.ഡിയുടെ ശ്രമമെന്നും അമാനത്തുള്ള ഖാൻ ആരോപിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ പങ്കുവെച്ച വിഡിയോയിലൂടെയായിരുന്നു അമാനത്തുല്ലഖാന്റെ ആരോപണം.
“എന്നെ അറസ്റ്റ് ചെയ്യാനായി ഇ.ഡി സംഘം രാവിലെ വീട്ടിൽ എത്തിയിട്ടുണ്ട്. അവർ അയച്ച ഓരോ നോട്ടീസുകൾക്കും ഞാൻ മറുപടി നൽകുകയും അവരുടെ മുന്നിൽ ഹാജരാവുകയും ചെയ്തിട്ടുണ്ട്. എന്നെ അറസ്റ്റ് ചെയ്ത് ഞങ്ങളുടെ ജോലി തടസപ്പെടുത്തുകയാണ് അവരുടെ ലക്ഷ്യം. കഴിഞ്ഞ രണ്ടു വർഷമായി അവർ എന്നെ നിരന്തരം കള്ളക്കേസുകളിൽ കുടുക്കി ഉപദ്രവിക്കുന്നു. ഓരോ ദിവസവും പുതിയ പുതിയ പ്രശ്നങ്ങളാണ് ഇ.ഡി സൃഷ്ടിക്കുന്നത്. ഇത് എന്നെ മാത്രമല്ല പാർട്ടിയെയും സാരമായി ബാധിക്കുന്നുണ്ട്. പാർട്ടിയെ പൂർണമായി തകർക്കുക എന്നതാണ് അവരുടെ ലക്ഷ്യം ഇതിന്റെ ഭാഗമായി ഞങ്ങളുടെ മുഖ്യമന്ത്രിയെയും ഇ.ഡി ജയിലിലടച്ചിരുന്നു.”
വഖഫ് ബോർഡുമായി ബന്ധപ്പെട്ട കേസ് തികച്ചും വ്യാജമാണ്. 2016 മുതൽ ഇ.ഡി ഈ കേസ് അന്വേഷിക്കുന്നുണ്ട് . ഇതുവരെ അഴിമതി ഇടപാടുകൾ ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് ഇ.ഡി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അമാനത്തുള്ള ഖാൻ പറഞ്ഞു.