
ന്യൂഡല്‍ഹി: ശനിയാഴ്ച വൈകുന്നേരം ഡല്‍ഹിയിലെ ഓള്‍ഡ് രാജേന്ദ്ര നഗറിലെ ഒരു ഐഎഎസ് കോച്ചിംഗ് സെന്ററിന്റെ ബേസ്മെന്റില്‍ വെള്ളം കയറി മൂന്ന് സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം.
രോഷാകുലരായ വിദ്യാര്‍ത്ഥികള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് പുറത്ത് ഇന്നലെരാത്രി തുടങ്ങിയ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. റാവൂസ് ഐഎഎസ് സ്റ്റഡി സര്‍ക്കിള്‍ എന്ന ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ഇന്നലെ ദാരുണമായ അപകടം ഉണ്ടായത്. ഇന്‍സ്റ്റിറ്റ്യൂട്ടിന് പുറത്ത് ‘ഞങ്ങള്‍ക്ക് നീതി വേണം’ എന്ന മുദ്രാവാക്യം ഉയര്‍ത്തി വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്ന ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തു വന്നിട്ടുണ്ട്. സംഭവത്തില്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനെതിരെയും പ്രതിഷേധം ശക്തമാണ്.
ശനിയാഴ്ച വൈകിട്ട് ഡല്‍ഹിയിലുണ്ടായ കനത്ത മഴയിലാണ് വന്‍ ദുരന്തം ഉണ്ടായത്. പാര്‍ലമെന്റിന് തൊട്ടടുത്തുള്ള രാജേന്ദ്ര നഗറിലായിരുന്നു അപകടം. മഴയെ തുടര്‍ന്ന് അഴുക്കുചാലുകള്‍ നിറഞ്ഞൊഴുകി വെള്ളം കെട്ടിടങ്ങളുടെ ബേയ്‌സ്‌മെന്റിലേക്ക് ഇറങ്ങി. രാജേന്ദ്രനഗര്‍ ദില്ലിയില്‍ ഏറ്റവും അധികം ഐ.എ.എസ് (സിവില്‍ സര്‍വ്വീസ്) ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശമാണ്. ഇവിടെയുള്ള റാവൂസ് ഐ.എ.എസ് സ്റ്റഡി സര്‍ക്കിളിന്റെ ബേയ്‌സ്‌മെന്റിലേക്ക് വെള്ളം കുത്തിയൊലിച്ച് എത്തുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ വൈദ്യുതാഘാതമേറ്റാണ് കുട്ടികള്‍ മരിച്ചതെന്നാണ് റിപ്പോര്‍ട്ട്.














