പൊലീസ് സ്റ്റേഷന്‍ ഉപരോധം; കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കലാപാഹ്വാനത്തിന് കേസ്

കൊച്ചി: നവകേരള ബസിന് നേരെ കരിങ്കൊടി കാണിച്ചതിന് കസ്റ്റഡിയിലെടുത്ത പ്രവര്‍ത്തകരെ ജാമ്യത്തില്‍ വിടാത്തതിനെ തുടര്‍ന്ന് പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കലാപാഹ്വാനത്തിന് കേസെടുത്ത് പോലീസ്. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. ഹൈബി ഈഡന്‍ എം പി, മറ്റ് മൂന്ന് എംഎല്‍എമാര്‍, നേതാക്കള്‍ അടക്കം പുറമെ കണ്ടാല്‍ അറിയാവുന്ന 75 പേര്‍ക്കെതിരെയാണ് കേസ്.

പോലീസ് സ്റ്റേഷന്‍ കത്തിച്ച് കളയുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഭീഷണിമുഴക്കിയെന്ന് എഫ്‌ഐആറില്‍ പറയുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത് സിപിഎമ്മിന് ഒത്താശ ചെയ്യാനാണെന്നാണ് എംഎല്‍എമാര്‍ ആരോപിച്ചത്. കസ്റ്റഡിയിലെടുത്ത പ്രവര്‍ത്തകരെ ജാമ്യത്തില്‍ വിടാത്തതിനെ തുടര്‍ന്ന് എംഎല്‍എമാരായ ടി ജെ വിനോദ്, ഉമ തോമസ്, ഹൈബി ഈഡന്‍ എംപി എന്നിവരടക്കം പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.

പുലര്‍ച്ചെ മൂന്ന് മണി വരെ തുടര്‍ന്ന സമരം ഏഴു പ്രവര്‍ത്തകരെയും മജിസ്ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കി ജാമ്യമെടുത്തതോടെയാണ് അവസാനിപ്പിച്ചത്. കേരളത്തില്‍ രണ്ട് നീതിയാണ് നടപ്പിലാക്കുന്നതെന്നും മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഉളളതെന്നും സംഭവത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചിരുന്നു. പോലീസിന്റെ ചാര്‍ജ് ഷീറ്റ് തള്ളിയാണ് കോടതി ജാമ്യം അനുവദിച്ചത്.

More Stories from this section

family-dental
witywide