പുലിയെ വെടിവെച്ചുകൊല്ലാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് മൂന്നു വയസ്സുകാരിയുടെ കുടുംബം; ഗൂഡല്ലൂരില്‍ വ്യാപക പ്രതിഷേധം

ഗൂഡല്ലൂര്‍: തമിഴ്‌നാട് നീലഗിരിയില്‍ മൂന്നു വയസ്സുള്ള കുഞ്ഞിനെ പുലി ആക്രമിച്ചുകൊന്ന സംഭവത്തില്‍ വ്യാപക പ്രതിഷേധം. പുലിയെ വെടിവച്ച് കൊല്ലണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം നടക്കുന്നത്. ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളിലെ കടകള്‍ അടച്ചിട്ട് വ്യാപകാരികള്‍ പ്രതിഷേധിച്ചു. പുലിയെ വെടിവെച്ചു കൊല്ലാതെ പെണ്‍കുട്ടിയുടെ മൃതദേഹം എറ്റുവാങ്ങില്ലെന്ന് കുടുംബം പറഞ്ഞു.

പ്രതിഷേധക്കാര്‍ ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളുടെ അതിര്‍ത്തികളില്‍ റോഡ് ഉപരോധിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്തു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളുമാണ് വാഹനങ്ങള്‍ തടഞ്ഞത്. തുടര്‍ന്ന് നാടുകാണി, വയനാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്ന് വരുന്ന നിരവധി വാഹനങ്ങള്‍ കുടുങ്ങി കിടക്കുകയാണ്.

പുലിയെ മയക്കുവെടി വച്ചതായി വനംവകുപ്പ് പറയുന്നുണ്ട്. എന്നാല്‍ അത് തങ്ങള്‍ വിശ്വസിക്കാന്‍ തയ്യാറല്ലെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. രാത്രിയാണ് പുലിയെ മയക്കുവെടി വച്ചത് എന്ന് പറയുന്നു. എന്നാല്‍ രാത്രി മയക്കുവെടി വയ്ക്കുന്നത് എത്രത്തോളം സാധ്യമാകും എന്നതില്‍ തങ്ങള്‍ക്ക് സംശയമുണ്ടെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. പുലിയെ വെടിവച്ച് കൊല്ലണമെന്നും അവര്‍ ആവശ്യപ്പെട്ടു.

അതേസമയം കഴിഞ്ഞ ദിവസം രാത്രിറോഡ് ഉപരോധിച്ച സ്ത്രീകളെ ഉള്‍പ്പടെയുള്ള പ്രതിഷേധക്കാരെ പൊലീസ് മര്‍ദ്ദിച്ചതായി പരാതി ഉയര്‍ന്നിട്ടുണ്ട്. 100 ലേറെ പേര്‍ക്കെതിരെ രാത്രി പൊലീസ് ലാത്തി ചാര്‍ജ് നടത്തി. പുലിയുടെ ആക്രമണത്തില്‍ മരിച്ച മൂന്ന് വയസ്സുകാരിയുടെ അമ്മയെയും പൊലീസ് മദിച്ചതായി ആരോപണം. ലാത്തി ഉപയോഗിച്ചു പുരുഷ പൊലീസ് അടിച്ചെന്ന് കുട്ടിയുടെ അമ്മ മിലന്‍ദി ദേവി പറഞ്ഞു.

പന്തല്ലൂര്‍ ബിതേര്‍ക്കാട് മാംഗോ എസ്റ്റേറ്റിലെ തൊഴിലാളികളുടെ മകളായ നാന്‍സിയാണ് കഴിഞ്ഞ ദിവസം പുലിയുടെ ആക്രമണത്തില്‍ മരിച്ചത്. രക്ഷിതാവിനൊപ്പം വരികയായിരുന്ന കുട്ടിയെ പുലി ചാടിവീണ് ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ പത്ത് ദിവസത്തിനിടെ നാല് യുവതികളേയും ഒരു പെണ്‍കുട്ടിയേയും പുലി ആക്രമിച്ചിരുന്നു. ഇതുവരെ രണ്ടുപേരാണ് പുലിയുടെ ആക്രമണത്തില്‍ മരിച്ചത്.

More Stories from this section

family-dental
witywide