
ന്യൂഡല്‍ഹി : അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച് ഉച്ചവരെ പ്രഖ്യാപിച്ച അവധി പിന്‍വലിച്ച് ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്.
ചികിത്സ തടസ്സപ്പെടുമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാക്കളടക്കം കടുത്ത വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് തീരുമാനം മാറ്റിയത്.
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമാകാന്‍ നാളെ ഉച്ചയ്ക്ക് 2:30 വരെ ജീവനക്കാര്‍ക്ക് അവധി നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ അപ്പോയ്‌മെന്റുകളുള്ള രോഗികള്‍ക്ക് അസൗകര്യങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഔട്ട്പേഷ്യന്റ് വിഭാഗം തുറന്നിരിക്കുമെന്നാണ് പുതിയ അറിയിപ്പ്. ആശുപത്രിയിലെ എല്ലാ നിര്‍ണായക സേവനങ്ങളും പ്രവര്‍ത്തനക്ഷമമായി തുടരുമെന്ന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
അതേസമയം, നിരവധി സംസ്ഥാനങ്ങള്‍ ഇതിനോടകം തന്നെ 22 ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നാളെ ഉച്ചയ്ക്ക് 2.30 വരെ അവധി നല്‍കിയിട്ടുണ്ട്.