സ്വന്തം തട്ടകത്തിൽ ഇന്ന് അൻവറിൻ്റെ അങ്കം, വൈകിട്ട് നിലമ്പൂരിൽ പൊതുയോഗം, പ്രതിരോധിക്കാൻ CPM

കേരളത്തെ ഇളക്കി മറിച്ച രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തുടക്കമിട്ട് എല്‍ഡിഎഫില്‍ നിന്ന് പുറത്തുപോയ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന്റെ രാഷ്ട്രീയ വിശദീകരണയോഗം ഇന്ന്. നിലമ്പൂര്‍ ടൗണില്‍ ചന്തക്കുന്നിൽ നിശ്ചയിച്ചിരിക്കുന്ന പൊതുയോഗം തന്റെ ശക്തിപ്രകടനമാക്കി മാറ്റാനാണ് പി വി അന്‍വറിന്റെ ശ്രമം. പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് കഴിഞ്ഞ ദിവസം സൂചന നല്‍കിയ അന്‍വര്‍ ഇക്കാര്യത്തില്‍ എന്ത് നിലപാടു സ്വീകരിക്കുമെന്നും ഇന്ന് വ്യക്തമായേക്കും.

അതിനിടെ, വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പി വി അന്‍വറിന്റെ സുരക്ഷ വര്‍ധിപ്പിച്ചു. എംഎല്‍എയുടെ നിലമ്പൂര്‍ ഒതായിയിലെ വീട്ടില്‍ പൊലീസ് പിക്കറ്റ് പോസ്റ്റ് ഏര്‍പെടുത്തി. ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്ന് കാണിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് വീടിന് സുരക്ഷ ഉറപ്പുവരുത്താനുള്ള നടപടികള്‍ ആരംഭിച്ചത്. പൊതുയോഗത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് നിലമ്പൂരും.

അന്‍വറിൻ്റെ ആരോപണം തള്ളി സിപിഎം രംഗത്തെത്തിയിരുന്നു. പി വി അന്‍വറിനെതിരെ സിപിഎം പ്രവര്‍ത്തകര്‍ രംഗത്തുവരണമെന്ന എം വി ഗോവിന്ദന്റെ ആഹ്വാനത്തിനു പിന്നാലെ വലിയ പ്രതിഷേധമാണ് പാര്‍ട്ടി തലത്തില്‍ കോഴിക്കോടും മലപ്പുറത്തും ഉയര്‍ന്നത്. ഈ സാഹചര്യത്തില്‍ സംഘര്‍ഷ സാധ്യത ഇല്ലാതാക്കാൻ നിലമ്പൂരില്‍ ഉള്‍പ്പെടെ പൊലീസ് സുരക്ഷ ശക്തമാക്കുന്നത്. അതേസമയം മാമി തിരോധാനത്തില്‍ കോഴിക്കോടും പൊതുയോഗം നടത്തുമെന്നും അന്‍വര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

എല്‍ഡിഎഫിന് പുറത്തുപോയതോടെ തനിക്ക് അതിരുകള്‍ ഇല്ല എന്ന് ഇതിനോടകം പ്രതികരിച്ച അന്‍വര്‍ ഇനി ഉന്നയിക്കുന്ന ആരോപണങ്ങള്‍ എന്താകുമെന്നാണ് കേരളം ഉറ്റുനോക്കുന്നത്. സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിക്ക് എതിരെ ഉള്‍പ്പെടെ കടുത്ത ആരോപണങ്ങള്‍ അന്‍വര്‍ ആവര്‍ത്തിച്ചിരുന്നു. ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് ആര്‍എസ്എസുകാരന്‍ ആണെന്നായിരുന്നു ഇന്നലെ അന്‍വര്‍ ഉന്നയിച്ചത്. ഇന്ന് നടക്കുന്ന പൊതുയോഗത്തില്‍ ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസിനെതിരെ ഉള്‍പ്പെടെ തെളിവുകള്‍ പുറത്തുവിടുമെന്നും അദ്ദേഹം സൂചന നല്‍കിയ സാഹചര്യത്തില്‍ പ്രാദേശിക തലത്തില്‍ പ്രതികരണം ശക്തമാക്കുകയാണ് സിപിഎം നേതൃത്വം.

തീവ്ര വര്‍ഗീയ കക്ഷികളുടെ പിന്തുണയിലാണ് അന്‍വര്‍ സംസാരിക്കുന്നതെന്നാണ് സിപിഎം ആരോപണം. തീവ്ര വര്‍ഗീയ കക്ഷികള്‍ എഴുതി നല്‍കുന്നതാണ് അന്‍വര്‍ വായിക്കുന്നത്. മുസ്ലീങ്ങളെ സിപിഎമ്മിൽ നിന്ന് അകറ്റുകയാണ് അന്‍വറിന്റെ ഉദ്ദേശ്യം. പാര്‍ട്ടി സെക്രട്ടേറിയറ്റ് അംഗം കയ്യേറ്റം ചെയ്‌തെന്നുള്‍പ്പെടെ അന്‍വര്‍ പറഞ്ഞത് കെട്ടുകഥയാണ് എന്നും മലപ്പുറം ജില്ലാ സെക്രട്ടറി തന്നെ വിശദീകരിക്കുന്നു.

Public meeting called by LDF dissident PV Anwar MLA in Nilambur today

More Stories from this section

family-dental
witywide