
പൂനെ: ഹിന്ദു സമൂഹത്തിന്റെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് സാവിത്രിഭായ് ഫൂലെ പൂനെ സര്‍വകലാശാലയിലെ ഒരു പ്രൊഫസറെയും അഞ്ച് വിദ്യാര്‍ത്ഥികളെയും അറസ്റ്റ് ചെയ്തതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ലളിത് കലാ കേന്ദ്ര വിഭാഗം മേധാവി ഡോ.പ്രവീണ്‍ ഭോലെ, വിദ്യാര്‍ഥികളായ ഭവേഷ് പാട്ടീല്‍, ജയ് പെഡ്നേക്കര്‍, പ്രതമേഷ് സാവന്ത്, ഋഷികേശ് ദല്‍വി, യാഷ് ചിഖ്ലെ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
‘രാംലീല’യെ ആസ്പദമാക്കി അവതരിപ്പിച്ച നാടകത്തില്‍ ആക്ഷേപകരമായ സംഭാഷണങ്ങളും രംഗങ്ങളും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. നാടകത്തിന്റേതെന്ന പേരില്‍ പ്രചരിക്കുന്ന ഒരു വൈറല്‍ വീഡിയോയില്‍, സീതയെ അവതരിപ്പിക്കുന്ന ഒരു പുരുഷ കലാകാരന്‍ സിഗരറ്റ് വലിക്കുന്നതും മോശമായ ഭാഷ ഉപയോഗിക്കുന്നതും കാണാം.
വെള്ളിയാഴ്ച സര്‍വ്വകലാശാലാ കാമ്പസില്‍ അരങ്ങേറിയ നാടകത്തെച്ചൊല്ലി ആര്‍എസ്എസ് അനുഭാവമുള്ള എബിവിപി അംഗങ്ങളും പൂനെ സര്‍വകലാശാലയിലെ ലളിതകലാ കേന്ദ്രത്തിലെ വിദ്യാര്‍ത്ഥികളും തമ്മില്‍ വാക്കേറ്റമുണ്ടായി.
എബിവിപി പ്രവര്‍ത്തകന്‍ ഹര്‍ഷവര്‍ധന്‍ ഹര്‍പുഡെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സെക്ഷന്‍ 295 (എ) (ഏതെങ്കിലും വര്‍ഗത്തിന്റെ മതവികാരം വ്രണപ്പെടുത്തുക എന്ന ബോധപൂര്‍വവും ദുരുദ്ദേശ്യപരവുമായ ഉദ്ദേശ്യം) കൂടാതെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ മറ്റ് പ്രസക്തമായ വകുപ്പുകള്‍ പ്രകാരവും കേസെടുത്തിട്ടുണ്ട്.