
ന്യൂഡൽഹി: പഞ്ചാബ്-ഹരിയാന അതിർത്തിയിൽ കർഷകർ നടത്തുന്ന ‘ദില്ലി ചലോ’ മാർച്ച് 15 ദിവസം പിന്നിടുമ്പോൾ ജീവൻ നഷ്ടപ്പെട്ട കർഷകരുടെ എണ്ണം ആറായി. കണ്ണീർവാതക പ്രയോഗത്തിൽ സാരമായി പരിക്കേറ്റ കർണയിൽ സിങ് (62) എന്ന കർഷകനാണ് മരിച്ചത്.
ഫെബ്രുവരി 21 ന് ഹരിയാന പോലീസ് നടത്തിയ കണ്ണീർ വാതക ഷെൽ പ്രയോഗത്തിൽ ശ്വാസകോശ അണുബാധയേറ്റതിനെ തുടർന്നായിരുന്നു മരണം. ഖനൗരി അതിർത്തിയിൽ പ്രതിഷേധിക്കുന്നതിനിടെയായിരുന്നു കണ്ണീർ വാതക പ്രയോഗം.
“ഫെബ്രുവരി 13 ന് എൻ്റെ അച്ഛൻ ധർണയ്ക്ക് പോയിരുന്നു.വീട്ടിൽ വന്ന് ഒരു ദിവസത്തെ ഇടവേള എടുക്കാൻ ഞങ്ങൾ ആവശ്യപ്പെട്ടിട്ടും അദ്ദേഹം മടങ്ങിവന്നില്ല. ഫെബ്രുവരി 21 ന്, അദ്ദേഹം കണ്ണീർ വാതകം ശ്വസിച്ചു,” മരിച്ച കർണയിൽ സിങ്ങിന്റെ മകൻ ഗുർപ്രീത് സിങ് പറഞ്ഞു.
ദർശൻ സിങ്, ഗ്യാൻ സിങ്, മൻജീത് സിങ്, നരീന്ദർ സിങ് എന്നീ കർഷകർ സമരത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചിരുന്നു. 22കാരനായ ശുഭ്കരൺ സിങ് പൊലീസിന്‍റെ കണ്ണീർവാതക ഷെൽ തലയിൽ പതിച്ച് പരിക്കേറ്റും മരിച്ചിരുന്നു.