
ന്യൂഡല്‍ഹി: കാമുകിയെപ്പോലെ വേഷമിട്ട് ആള്‍മാറാട്ടം നടത്തി ഉദ്യോഗസ്ഥരെ കബളിപ്പിക്കാനുള്ള യുവാവിന്റെ ശ്രമം പഞ്ചാബിലെ ഫരീദ്‌കോട്ടിലെ പരീക്ഷാകേന്ദ്രത്തില്‍ നിന്ന് പൊലീസ് സ്റ്റേഷനിലാണ് കലാശിച്ചത്.
ജനുവരി 7ന് ബാബ ഫരീദ് യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ് കോട്കപുരയിലെ ഡിഎവി പബ്ലിക് സ്‌കൂളില്‍ ഒരു മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കേഴ്സ് പരീക്ഷ നടത്തി. ഫാസില്‍കയില്‍ നിന്നുള്ള അംഗ്രേസ് സിംഗ് തന്റെ കാമുകി പരംജിത് കൗറിന്റെ വേഷം ധരിച്ചാണ് പരീക്ഷ എഴുതാന്‍ തീരുമാനിച്ചത്. ചുവന്ന വളകള്‍, പൊട്ട്, ലിപ്സ്റ്റിക്, സുന്ദരമായി വസ്ത്രം എന്നിവയില്‍ അണിഞ്ഞൊരുങ്ങി ആംഗ്രേസ് സിംഗ് തയ്യാറായി.
വ്യാജ വോട്ടര്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ഉപയോഗിച്ച് താന്‍ പരംജിത് കൗറാണെന്ന് തെളിയിക്കാന്‍ അംഗ്രേസ് സിംഗ് എല്ലാ ശ്രമങ്ങളും നടത്തി. പക്ഷേ ബയോമെട്രിക് ഉപകരണത്തിലെ യഥാര്‍ത്ഥ സ്ഥാനാര്‍ത്ഥിയുടെ വിരലടയാളവുമായി പൊരുത്തപ്പെടാന്‍ യുവാവിന്റെ വിരലടയാളം പരാജയപ്പെട്ട നിമിഷം വരെ ആരും യുവാവിനെ തിരിച്ചറിഞ്ഞില്ല. സംഭവം മനസിലാക്കിയ യൂണിവേഴ്‌സിറ്റി ഉദ്യോഗസ്ഥര്‍ പെട്ടെന്ന് തന്നെ പോലീസില്‍ വിവരം അറിയിക്കുകയും പരാതി നല്‍കുകയുമായിരുന്നു.
അതേസമയം, യഥാര്‍ത്ഥ അപേക്ഷകയായ പരംജിത് കൗറിന്റെ അപേക്ഷ അധികൃതര്‍ നിരസിച്ചു. അംഗരേസ് സിംഗിനെതിരെ നിയമനടപടി ആരംഭിച്ചിട്ടുണ്ട്.