പുടിൻ വിമർശകൻ അലക്‌സി നവൽനിയുടെ മൃതദേഹം അമ്മയ്ക്ക് കൈമാറി

മോസ്‌കോ: അന്തരിച്ച റഷ്യൻ പ്രതിപക്ഷ നേതാവ് അലക്‌സി നവൽനിയുടെ മൃതദേഹം അമ്മയ്ക്ക് കൈമാറിയെന്ന് അദ്ദേഹത്തിൻ്റെ വക്താവ് കിര യാമിഷ് ശനിയാഴ്ച അറിയിച്ചു. പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ്റെ ഏറ്റവും രൂക്ഷമായ വിമർശകനായ നവൽനി ഫെബ്രുവരി 16-ന് വടക്കൻ സൈബീരിയയിലെ ജയിലിൽ വച്ചാണ് മരിച്ചത്.

‘‘അലക്സിയുടെ മൃതദേഹം അമ്മയ്ക്കു വിട്ടുകിട്ടി. മൃതദേഹം ലഭിക്കുന്നതിനായി ഞങ്ങൾക്കൊപ്പം നിന്ന എല്ലാവർക്കും നന്ദി. അമ്മ ല്യുഡ്മില ഇവാനോവ്ന ഇപ്പോഴും സാലേഖാർഡിലാണ്. സംസ്കാരത്തിന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ല. കുടുംബത്തിന്റെ ആഗ്രഹപ്രകാരമോ അലക്സി അർഹിക്കുന്ന പ്രകാരമോ സംസ്കാരം നടത്താനാകുമോയെന്നും അധികൃതർ ഇതിൽ ഇടപെടുമോയെന്നും വ്യക്തമല്ല. എന്തെങ്കിലുമുണ്ടെങ്കിൽ ഞങ്ങൾ അറിയിക്കുന്നതായിരിക്കും,’’ കിര യാമിഷ് എക്സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു.

ആർക്ടിക് ജയിലില്‍ വെച്ചാണ് പുടിന്‍ വിമര്‍ശകനും റഷ്യന്‍ പ്രതിപക്ഷ നേതാവുമായിരുന്ന അലക്സി നവല്‍നി കൊല്ലപ്പെട്ടത്. മൃതദേഹം കാണാനില്ലെന്നും മോര്‍ച്ചറിയില്‍ എത്തിയിട്ടില്ലെന്നും അദ്ദേഹത്തിന്റെ അമ്മയുടെ വെളിപ്പെടുത്തലുകള്‍ക്കിടെയാണ് മൃതദേഹം കണ്ടെത്തിയതായി റിപ്പോര്‍ട്ട് പുറത്തുവന്നത്.

കഴിഞ്ഞ ഒരാഴ്ചയായി മൃതദേഹം അമ്മയ്ക്കു വിട്ടുനൽകാൻ റഷ്യൻ അധികൃതർ വിസമ്മതിച്ചിരുന്നു. ജയിൽ നിൽക്കുന്ന പ്രദേശത്തിന് അടുത്ത സ്ഥലമാണ് സാലേഖാർഡ്. ല്യുഡ്മില ഇവിടെയെത്തിയിട്ടും അവർ മൃതദേഹം വിട്ടുനൽകിയില്ല. നവൽനിയുടെ സംഘം മൃതദേഹം വിട്ടുകിട്ടുന്നതിനായി വെള്ളിയാഴ്ച കോടതിയിൽ ഹർജി ഫയൽ ചെയ്തിരുന്നു. രഹസ്യ സംസ്കാരത്തിന് ല്യുഡ്മില സമ്മതിച്ചില്ലെങ്കിൽ ജയിൽവളപ്പിൽത്തന്നെ സംസ്കരിക്കുമെന്ന് ജയിൽ അധികൃതർ ഭീഷണിപ്പെടുത്തിയെന്ന വാർത്തയും പുറത്തുവന്നിരുന്നു.