എഡിജിപിക്കെതിരെ വീണ്ടും അൻവർ, അവധിയിൽ പോകുന്നത് തെളിവുകൾ അട്ടിമറിക്കാൻ, ‘മാമി’ തിരോധാനത്തിൽ പങ്കുണ്ട്

കോഴിക്കോട്: എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ വിമർശനം കടുപ്പിച്ച് പി വി അൻവർ വീണ്ടും രംഗത്ത്. അജിത്കുമാറിനെ നൊട്ടോറിയസ് ക്രിമിനല്‍ ആണെന്ന് വീണ്ടും വിളിച്ച അൻവർ, എഡിജിപി അവധിയില്‍ പോകുന്നത് തെളിവുകള്‍ അട്ടിമറിക്കാനാണെന്നും പറഞ്ഞു. എഡിജിപിയെ മാറ്റുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് നല്ലതിനായി പ്രാര്‍ത്ഥിക്കാം എന്നാണ് അന്‍വര്‍ മറുപടി നല്‍കിയത്.

മാമി തിരോധാനത്തില്‍ ഒളിഞ്ഞും തെളിഞ്ഞും അജിത്ത് കുമാര്‍ ഇടപെട്ടിട്ടുണ്ട്. ഇതിന്റെ തെളിവുകള്‍ കൈവശമുണ്ടെന്നും ക്രൈം ബ്രാഞ്ച് അന്വേഷണ സംഘത്തിന് കൈമാറുമെന്നും അന്‍വര്‍ പറഞ്ഞു. മാമി കൊല്ലപ്പെട്ടു എന്നാണ് സംശയിക്കുന്നതെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പി ശശിക്കെതിരായ ആരോപണത്തില്‍ നടപടിയൊന്നും ഇല്ലല്ലോ എന്ന ചോദ്യത്തിന് ഇനി രാഷ്ട്രീയ മറുപടിയില്ലെന്ന് പി വി അന്‍വര്‍ പറഞ്ഞു.പോലീസ് അന്വേഷണത്തില്‍ മാത്രം ആണ് മറുപടിയെന്നും എംഎല്‍എ പറഞ്ഞു.