നിലമ്പൂർ: സി പി എമ്മിനെ വെല്ലുവിളിച്ച് നിലമ്പൂരിൽ എം എൽ എ പി.വി അൻവർ വിളിച്ച ആദ്യ സമ്മേളനത്തിൽ വൻ ജനപങ്കാളിത്തം. സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന അൻവർ, ആദ്യം തന്നെ ഉയർത്തിയത് തന്നെ മുസ്ലിം വർഗീയ വാദിയാക്കാൻ ശ്രമം നടക്കുന്നുവെന്ന ആരോപണമാണ്. തന്‍റെ പേര് അൻവർ എന്നായതാണ് പ്രശ്നമെന്നും 5 നേരം നിസ്കരിക്കുന്നയാളാണ് എന്ന് പറഞ്ഞതും വലിയ പ്രശ്നമാക്കി മാറ്റുകയാണെന്നും അഭിപ്രായപ്പെട്ടു. താൻ മതേതര നിലപാടുള്ളയാളാണെന്നും അൻവർ വിവരിച്ചു.
മനുഷ്യനെ വർഗീയമായി കാണുന്ന നിലയിലേക്ക് കേരളവും നീങ്ങുകയാണ്. ഒരാൾ ഒരു വിഷയം ഉന്നയിച്ചാൽ ആ വിഷയത്തിലേക്ക് നോക്കുന്നതിന് പകരം അവന്റെ പേരെന്താണ് എന്നതാണ് ആദ്യത്തെ നോട്ടം. എന്റെ പേര് അൻവർ ആയതുകൊണ്ട് മുസ്ലിം വർഗീയ വാദിയാക്കാനുള്ള പരിശ്രമമാണ്. അഞ്ചുനേരം നമസ്കരിക്കുന്നവരാണ് എന്നതാണ് ഇപ്പോൾ വലിയ ചർച്ച.- അൻവർ കൂട്ടിച്ചേർത്തു
നിലമ്പൂരില്‍ ചന്തക്കുന്നിലെ ബസ്സ്റ്റാന്‍ഡിനടുത്താണ് വന്‍ ജനാവലി പങ്കെടുത്ത യോഗം നടക്കുന്നത്. സിപിഎം മുൻ പ്രാദേശിക നേതാവും അന്‍വറിനൊപ്പം വേദിയിലെത്തി. സിപിഎം മരുത മുന്‍ ലോക്കല്‍ സെക്രട്ടറി ഇ.എ സുകുവാണ് വേദിയിലെത്തി യോഗത്തിന് സ്വാഗതം പറഞ്ഞത്.











