
നിലമ്പൂർ: മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ കണ്ടതിനു പിന്നാലെ മറുപടിയുമായി നിലമ്പൂർ എംഎൽഎ പി.വി.അൻവർ. മുഖ്യമന്ത്രി കുന്തമുന തന്റെ നേരെ തിരിച്ചിരിക്കുകയാണെന്നും എഡിജിപി എഴുതിക്കൊടുത്ത തിരക്കഥയാണ് മുഖ്യമന്ത്രി വായിച്ചതെന്നും അൻവർ പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞതല്ല സത്യം. മുഖം തുറന്ന് മനുഷ്യരോട് സംസാരിക്കുകയാണ് താൻ ചെയ്തത്. സ്വർണക്കടത്തിന് പിന്നില്‍ ഞാനാണെന്നാണ് മുഖ്യമന്ത്രി പറയുന്നത് സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും സിറ്റിങ് ജഡ്ജിയെ വച്ച് അന്വേഷണം നടത്തണമെന്നും അൻവർ പറഞ്ഞു.
‘‘എത്രയോ നിരപരാധികൾ ജയിലിലാണ്. എന്തുകൊണ്ടാണ് മുഖ്യമന്ത്രിക്ക് മാത്രം ഇത് ബോധ്യപ്പെടാത്തത് ? ജുഡീഷ്യറിയിൽ മാത്രമേ എനിക്ക് ഇനി വിശ്വാസമുള്ളൂ. അന്വേഷണസംഘത്തെ ഹൈക്കോടതി തന്നെ തീരുമാനിക്കണമെന്ന് ആവശ്യപ്പെടും. അൻവറിനെതിരായ ആരോപണവും ഈ അന്വേഷണസംഘം അന്വേഷിക്കട്ടെ. എൽഡിഎഫ് വിട്ടുവെന്ന് ഞാൻ മനസ്സു കൊണ്ടു പറഞ്ഞിട്ടില്ല. പാർലമെന്ററി പാർട്ടി മീറ്റിങ്ങിൽ പങ്കെടുക്കില്ലെന്നാണ് പറഞ്ഞത്. പാർലമെന്ററി പാർട്ടിയിൽ ഇല്ലെന്ന് പറഞ്ഞിട്ടില്ല. അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അത് മനസ്സ് കൊണ്ടു പറഞ്ഞതല്ല. ഈ രീതിയിലാണ് പാർട്ടി മുന്നോട്ടുപോകുന്നതെങ്കിൽ 2026ലെ തിരഞ്ഞെടുപ്പിൽ കെട്ടിവച്ച കാശുകിട്ടാത്ത സ്ഥാനാർഥികളുണ്ടാകും. 20 –25 സീറ്റിനു മേലെ എൽഡിഎഫിനു ജയിക്കാനാകില്ല.
എട്ടു കൊല്ലത്തിനിടയ്ക്ക് സർക്കാരിന്റെ ചെലവിൽ ഒരു പാരസെറ്റമോൾ വാങ്ങിയിട്ടില്ല. സ്വന്തമായി വിമാനം ഉള്ളവരും ചികിത്സയ്ക്ക് അമേരിക്കയിലേക്കാണ് പോകുന്നത്. ആദ്യം നിങ്ങൾ എന്നെ മല മാന്തുന്നവനാക്കി. ചില മാധ്യമ പ്രവർത്തകരും ഇവരെ പിന്തുണയ്ക്കുന്നുണ്ട്. അതാണ് ഒന്നും പുറത്തുവരാത്തത്. ഒരുവിധപ്പെട്ടവന്റെ മടിയിലൊക്കെ കനമുണ്ട്. സർക്കാരിന്റെ ഒരു ആനുകൂല്യവും എനിക്കു വേണ്ട. കോഴി ബിരിയാണിയും മന്തിയും കഴിച്ച് മ്യൂസിക്കും കേട്ട് കിടന്നുറങ്ങാനാണ് യുവാക്കളുടെ തീരുമാനമെങ്കിൽ ഞാൻ ആ വഴിക്കു പോകും,” അൻവർ പറഞ്ഞു.