
കൊച്ചി: എഡിജിപി എം. ആര്‍ അജിത് കുമാറിനെതിരെ വീണ്ടും രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തി പി.വി അന്‍വര്‍ എംഎല്‍എ. കള്ളക്കടത്ത് സംഘവുമായി അജിത് കുമാറിനെ നേരിട്ട് ബന്ധമുണ്ട്. അജിത് കുമാറിന് മുമ്പില്‍ ദാവൂദ് ഇബ്രാഹിം വരെ തോറ്റു പോകുമെന്നും സ്വര്‍ണ്ണകള്ളക്കടത്ത് സംഘത്തിന്റെ കൂട്ടാളിയെന്നും പി.വി അന്‍വര്‍ എംഎല്‍എയുടെ വാര്‍ത്താ സമ്മേളനം.
മന്ത്രിമാരുടെ ഫോണ്‍ വരെ അജിത് കുമാര്‍ ചോര്‍ത്തുന്നുണ്ടെന്ന ഗുരുതരമായ ആരോപണം ഉന്നയിച്ച എംഎല്‍എ ഇത് സൈബര്‍ സംഘത്തിന് അടക്കം കണ്ടെത്താന്‍ സാധിക്കുന്നില്ലെന്നും ആരോപിച്ചു. പല പൊലീസ് ഉദ്യോഗസ്ഥരുടെയും ഫോണ്‍കോള്‍ താന്‍ ചോര്‍ത്തിയിട്ടുണ്ടെന്നും അന്‍വര്‍ വ്യക്തമാക്കി. അതോടൊപ്പം പത്തനംതിട്ട എസ്.പി സുജിത് കുമാറിന്റെ ഓഡിയോ ക്ലിപ്പുകള്‍ എംഎല്‍എ പുറത്തുവിട്ടു.
ആഭ്യന്തര സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്ന ഉദ്യോഗസ്ഥരുടെ തനിനിറം പുറത്തു കാട്ടാന്‍മറ്റു മാര്‍ഗ്ഗമില്ലാത്തതിനാല്‍ ഗതികേട് കൊണ്ടാണ് താന്‍ ഓഡിയോ ക്ലിപ്പുകള്‍ പുറത്തു വിടുന്നതെന്നും, ഇതിന് കേരള ജനങ്ങളോട് മാപ്പ് പറയുന്നതായി അദ്ദേഹം പറഞ്ഞു. കൂടാതെ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയുടെ വിശ്വസ്തനാണ് എഡിജിപിയെന്നും ഇനി പി. ശശിയുടെ അനുവാദത്തോടെയാണോ എഡിജിപി പ്രവര്‍ത്തിക്കുന്നതെന്ന് തനിക്കറിയില്ല എന്നും അദ്ദേഹം പറഞ്ഞു.
ചില പൊലീസുകാരുടെത് രാജ്യവിരുദ്ധ പ്രവര്‍ത്തനമാണെന്നും, പാര്‍ട്ടിയെയും സര്‍ക്കാരിനെയും ഇല്ലാതാക്കാന്‍ പ്രവര്‍ത്തിക്കുന്ന ഒരു ഗ്രൂപ്പാണ് എഡിജിപി അജിത് കുമാറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
സുജിത്ത് ദാസ്, മുന്‍പ് കസ്റ്റംസിലായിരുന്നതിനാല്‍ കസ്റ്റംസിലെ ഉദ്യോഗസ്ഥരുമായി അതിഭയങ്കരമായ ബന്ധമുണ്ട്. ഈ ബന്ധം ഉപയോഗിച്ച് വലിയ കള്ളത്തരങ്ങളാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് വിമാനത്താവളത്തില്‍ വച്ച് കള്ളക്കടത്ത് സ്വര്‍ണ്ണം സ്‌കാനിങ്ങില്‍ കണ്ടെത്തിയാലും കസ്റ്റംസ് പുറത്തേക്ക് കൊണ്ടുപോകാന്‍ അനുവദിക്കും. പിന്നീട് സ്വര്‍ണം വഴിയില്‍ വച്ച് പിടിക്കും. 25 ബിസ്‌ക്കറ്റുണ്ടെങ്കില്‍ 10 ബിസ്‌കറ്റ് സംഘം എടുക്കും. ബാക്കി കസ്റ്റംസിന് കൊടുക്കുമെന്നും എം എല്‍ എ ആരോപിക്കുന്നു. കസ്റ്റംസ് ഇവരെ പിടിച്ചാല്‍ സിസിടിവി ഉള്ളതിനാല്‍ ഒരു ബിസ്‌കറ്റ് പോലും മാറ്റാനാകില്ല. എന്നാല്‍ പുറത്ത് അങ്ങനെയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സംഘങ്ങളുടെ എല്ലാം തലവന്‍ എഡിജിപി ആണെന്നതടക്കം ഗുരുതര ആരോപണങ്ങളാണ് എം.എല്‍.എ ഉന്നയിച്ചിരിക്കുന്നത്.















