
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി എല്‍.ഡി.എഫ് എം.എല്‍.എ പി.വി. അന്‍വര്‍ വീണ്ടും രംഗത്ത്. കഴിഞ്ഞ ദിവസത്തെ ഡി.എന്‍.എ പരാമര്‍ശം ഇപ്പോഴും ആളിക്കത്തുമ്പോഴാണ് അധിക്ഷേപവുമായി അന്‍വറിന്റെ വരവ്.
ഇത്തവണ രാഷ്ട്രീയ പാല്‍ക്കുപ്പി എന്നാണ് രാഹുല്‍ ഗാന്ധിയെ അന്‍വര്‍ ഫേസ്ബുക്കില്‍ വിശേഷിപ്പിച്ചത്. ഗതികെട്ട കോണ്‍ഗ്രസുകാര്‍ക്കും ബോധമില്ലാത്ത ലീഗുകാര്‍ക്കും ഒഴികെ സാധാരണക്കാര്‍ക്ക് പോലും രാഹുലിന്റെ രാഷ്ട്രീയ ബോധത്തെ കുറിച്ച് കൃത്യമായ വിലയിരുത്തലുകളുണ്ടെന്ന് അന്‍വര്‍ ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചു.
പി.വി. അന്‍വറിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
ഈ നാട്ടിലെ ഗതികെട്ട കോണ്‍ഗ്രസുകാര്‍ക്കും ബോധമില്ലാത്ത കുറച്ച് ലീഗുകാര്‍ക്കും ഒഴികെ സാധാരണക്കാര്‍ക്ക് പോലും ഇയാളുടെയൊക്കെ രാഷ്ട്രീയബോധത്തെ കുറിച്ച് കൃത്യമായ വിലയിരുത്തലുകളുണ്ട്.
താമസിക്കുന്ന വീട്ടില്‍ നിന്ന് വിളിപ്പാടകലെ രാജ്യത്തെ സംഘ്പരിവാര്‍ ഭരണകൂടത്തെ പിടിച്ച് കുലുക്കി ചരിത്രമായി മാറിയ കര്‍ഷകസമരം മുന്നേറുമ്പോള്‍, അവിടെ ഒന്ന് തിരിഞ്ഞ് നോക്കാതെ നേരേ പട്ടായക്ക് വച്ച് പിടിച്ചിട്ട്, എല്ലാം കഴിഞ്ഞപ്പോള്‍ തിരിച്ചെത്തി ‘വയനാട്ടില്‍ വന്ന് ട്രാക്ടര്‍ റാലി’ നടത്തിയ രാഷ്ട്രീയ കോമാളിത്തരത്തിനെ അങ്ങനെ തന്നെയേ കാണുന്നുള്ളൂ.
‘രാഷ്ട്രീയ പാല്‍ക്കുപ്പി’
” ഗാന്ധിയെന്ന പേര് പോലും കൂട്ടിച്ചേര്‍ത്ത് പറയാന്‍ അര്‍ഹതയില്ലാത്ത നാലാംകിട പൗരനായി രാഹുല്‍ഗാന്ധി മാറി. ഞാനല്ല പറഞ്ഞത്, ഇന്ത്യയിലെ ഭക്ഷണം കഴിക്കുന്ന സകല മനുഷ്യരും കഴിഞ്ഞ രണ്ടു ദിവസമായി പറഞ്ഞുകൊണ്ടിരിക്കുകയാണ്. എന്താ സ്ഥിതി, നെഹ്റു കുടുംബത്തില്‍ ഇങ്ങനെയൊരു മനുഷ്യന്‍ ഉണ്ടാകുമോ? നെഹ്റു കുടുംബത്തിന്റെ ജനിറ്റിക്‌സില്‍ ജനിച്ച ഒരാള്‍ക്ക് അങ്ങനെ പറയാന്‍ കഴിയുമോ? എനിക്ക് അക്കാര്യത്തില്‍ നല്ല സംശയമുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഡി.എന്‍.എ പരിശോധിക്കണമെന്ന അഭിപ്രായക്കാരനാണ് ഞാന്‍. അക്കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. ആ ജവഹര്‍ലാല്‍ നെഹ്റുവിന്റെ പേരക്കുട്ടിയായി വളരാനുള്ള ഒരു അര്‍ഹതയും രാഹുലിനില്ല. രാഹുല്‍ ഗാന്ധി മോഡിയുടെ ഏജന്റാണോ എന്ന് ആലോചിക്കേണ്ട സ്ഥിതിയില്‍ കാര്യങ്ങള്‍ എത്തിയിരിക്കുകയാണ് ”- എന്നാണ് അന്‍വര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.















