
തിരുവനന്തപുരം: കെ-റെയില്‍ അട്ടിമറിക്കാന്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഇതരസംസ്ഥാന ഐടി കമ്പനികളിൽ നിന്ന് 150 കോടി കൈപ്പറ്റിയെന്ന ആരോപണവുമായി പി.വി. അന്‍വര്‍ എംഎല്‍എ. പദ്ധതി നടപ്പായാല്‍ കേരളത്തിന്റെ ഐടി മേഖലയില്‍ ഉണ്ടാകാന്‍പോകുന്ന കുതിച്ചുചാട്ടം ഇല്ലാതാക്കാന്‍ അന്യസംസ്ഥാനങ്ങളിലെ കോർപ്പറേറ്റ് ഭീമന്മാര്‍ കേരളത്തിലെ കോണ്‍ഗ്രസിനെ കൂടെക്കൂട്ടി പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് കെ-റെയിലുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടന്ന പ്രക്ഷോഭങ്ങളെന്ന് പി.വി. അന്‍വര്‍ നിയമസഭയിൽ ആരോപിച്ചു.
പദ്ധതി നടപ്പിലായിരുന്നെങ്കിൽ കേരളത്തിലെ അടിസ്ഥാന സൗകര്യം വളരെ വേഗം ഉയരുമായിരുന്നു. ഐടി മേഖലയിൽ കൂടുതൽ നിക്ഷേപവും തൊഴിൽ അവസരവും ഉണ്ടാകുമായിരുന്നു. അഞ്ചുവര്‍ഷം കൊണ്ട് 25 വര്‍ഷത്തെ പുരോഗതി കൈവരിക്കാന്‍ ഉതകുമായിരുന്ന കെ-റെയില്‍ പദ്ധതി അട്ടിമറിക്കാന്‍ അന്യസംസ്ഥാനത്തെ കോര്‍പറേറ്റ് ഭീമന്മാരെ പ്രേരിപ്പിച്ചത് കേരളത്തിലെ യുവത ജോലികള്‍ക്കായി പിന്നീടവരെ ആശ്രയിക്കില്ല എന്ന തിരിച്ചറിവുകൊണ്ടാണെന്നും അന്‍വര്‍ പറഞ്ഞു. ഒന്നാം ഘട്ടത്തില്‍ കാര്യമായ എതിര്‍പ്പ് പ്രകടിപ്പിക്കാതിരുന്ന പ്രതിപക്ഷം പിന്നീടങ്ങോട്ട് എന്തുസംഭവിച്ചാലും പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന സമീപനം സ്വീകരിച്ചത് പണം കൈപ്പറ്റിയതിനാലാണെന്നും അന്‍വര്‍ ആരോപിച്ചു.
“തിരഞ്ഞെടുപ്പിൽ എൽഡിഎഫിനെ തോൽപ്പിക്കാൻ എത്ര പണം ചെലവഴിക്കാനും ഐടി കമ്പനികള്‍ തയാറായിരുന്നു. 150 കോടിരൂപ ഇലക്ഷൻ ഫണ്ടായി വി.ഡി.സതീശന്റെ കയ്യിലെത്തി. കണ്ടൈനർ ലോറികളിൽ 50 കോടിരൂപവീതം മൂന്നു ഘട്ടങ്ങളിലായാണ് പണം തൃശൂർ ചാവക്കാടിന് അടുത്തുള്ള ചേറ്റുവ കടപ്പുറത്ത് എത്തിച്ചത്. അവിടെനിന്നും രണ്ട് ആംബുലൻസുകളിലായി പണം വി.ഡി.സതീശന്റെ സുഹൃത്തുകളുടെ കയ്യിലെത്തി. കർണാടകയിൽ ഈ പണം നിക്ഷേപിച്ചു. പ്രതിപക്ഷ നേതാവിന്റെ യാത്രാരേഖകൾ പരിശോധിക്കണം. മാസത്തിൽ 3 തവണയെങ്കിലും പ്രതിപക്ഷ നേതാവ് ബെംഗളൂരുവിൽപോയിട്ടുണ്ട്. തൃക്കാക്കര തിരഞ്ഞെടുപ്പിനു മുൻപ് 25 കോടി കിട്ടി. ഇതിനെക്കുറിച്ചെല്ലാം അന്വേഷണം നടത്തണം,” പി.വി അൻവർ പറഞ്ഞു.