
ന്യൂഡല്‍ഹി: നിയന്ത്രണം വിട്ട ചരക്കുകപ്പല്‍ ഇടിച്ച് അമേരിക്കയിലെ ബാള്‍ട്ടിമോറിലെ ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലം തകര്‍ന്നതിനു പിന്നാലെ കപ്പലിലെ ഇന്ത്യന്‍ ജീവനക്കാരെ അധിക്ഷേപിക്കുന്ന തരത്തില്‍ കാര്‍ട്ടൂണ്‍ പ്രചരിക്കുന്നു.
ജീവനക്കാരെല്ലാം ഇന്ത്യക്കാരാണെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് വംശീയ അധിക്ഷേപം അടങ്ങിയ കാര്‍ട്ടൂണ്‍ എത്തിയത്. ഇന്ത്യക്കാരെ വംശീയമായി ചിത്രീകരിക്കുകയും കപ്പല്‍ ജീവനക്കാരെ അപമാനിക്കുകയും ചെയ്യുന്നതരത്തിലുള്ള കാര്‍ട്ടൂണാണ് പ്രചരിക്കുന്നത്.
ദാരുണമായ സംഭവത്തിന്റെ പേരില്‍ ആളുകള്‍ ഇന്ത്യന്‍ ക്രൂവിനെ പരിഹസിക്കുന്നത് ലജ്ജാകരമാണെന്ന് പലരും ഇതിനോട് പ്രതികരിച്ചു.
കാര്‍ട്ടൂണിലൂടെ ഇന്ത്യക്കാരായ കപ്പല്‍ ജീവനക്കാര്‍ക്ക് പരിഹാസം ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും മേരിലാന്‍ഡ് ഗവര്‍ണറും അമേരിക്കന്‍ പ്രസിഡന്റ് ബൈഡനും അടക്കും ഇന്ത്യന്‍ ഹീറോകളെ പ്രശംസിച്ചെന്നും അപകട വിവരം കൃത്യസമയത്ത് അറിയിച്ചതിനാല്‍ വലിയ തോതിലുള്ള മരണസംഖ്യയിലേക്ക് കാര്യങ്ങള്‍ എത്തിയില്ലെന്നും കാര്‍ട്ടൂണിനെതിരെ പലരും രംഗത്തെത്തി.
സിംഗപ്പൂരില്‍ നിന്നുള്ള കണ്ടെയ്നര്‍ കപ്പല്‍ ഡാലി വൈദ്യുതി തകരാറിനെത്തുടര്‍ന്ന് ചൊവ്വാഴ്ചാണ് അമേരിക്കയിലെ ബാള്‍ട്ടിമോറിലെ ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലത്തില്‍ ഇടിച്ചതും പാലം തകര്‍ന്ന് നദിയിലേക്ക് വീണ ദാരുണമായ സംഭവം ഉണ്ടായതും. അപകടത്തില്‍ ആറുപേര്‍ മരിച്ചു.
അപകടത്തിന് ഒരു ദിവസത്തിനുശേഷം, യുഎസ് ആസ്ഥാനമായുള്ള ഒരു വെബ്കോമികാണ് സംഭവം ചിത്രീകരിക്കുന്ന ഒരു കാര്‍ട്ടൂണ്‍ പുറത്തുവിട്ടത്. ആനിമേറ്റുചെയ്ത വീഡിയോയില്‍, അപകടത്തില്‍പ്പെട്ട കപ്പലിലുള്ള ജീവനക്കാരെയാണ് ചിത്രീകരിച്ചിരിക്കുന്നത്. അരയില്‍ ചെറുമുണ്ടുകള്‍ മാത്രം ധരിച്ച പേടിച്ചരണ്ട മുഖമുള്ള മനുഷ്യരെ കപ്പലിലെ ജീവനക്കാരോട് താരതമ്യപ്പെടുത്തിയാണ് ചിത്രീകരിച്ചിരിക്കുന്നത്. ‘അപകടത്തിന് തൊട്ടുമുമ്പ് ഡാലിയുടെ ഉള്ളില്‍ നിന്നുള്ള അവസാനത്തെ റെക്കോര്‍ഡിംഗ്,’ വീഡിയോ പങ്കിടുമ്പോള്‍ ഫോക്‌സ്‌ഫോര്‍ഡ് കോമിക്‌സ് എക്‌സില്‍ എഴുതിയത് ഇങ്ങനെയായിരുന്നു. 4.2 ദശലക്ഷം കാഴ്ചക്കാരും രണ്ടായിരത്തിലധികം കമന്റുകളും ഇതിനോടകം നേടിയ ഗ്രാഫിക് വൈറലായിരിക്കുകയാണ്.