
കല്‍പറ്റ: വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടില്‍ എത്തും. യുഡിഎഫ് ക്യാംപിന് ആവേശം പകര്‍ന്ന് രാഹുല്‍ ഗാന്ധിക്കൊപ്പം വൈകീട്ടോടെയാണ് പ്രിയങ്ക മണ്ഡലത്തിലെത്തുക. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന നാളെ സോണിയ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗയും എത്തും.
മൈസൂരുവില്‍ നിന്ന് റോഡ് മാര്‍ഗമാണ് ഇന്ന് രാഹുലും പ്രിയങ്കയും ബത്തേരിയിലെത്തുക. രാഹുല്‍ കഴിഞ്ഞ തവണ മത്സരിച്ചപ്പോള്‍ മണ്ഡലത്തില്‍ 3 ദിവസം മാത്രമാണുണ്ടായിരുന്നത്. 2 തവണ രാഹുല്‍ മത്സരിച്ചപ്പോഴും പ്രിയങ്ക വയനാട്ടില്‍ വോട്ടഭ്യര്‍ഥിക്കാന്‍ എത്തിയിരുന്നു. 10 ദിവസം പ്രിയങ്ക മണ്ഡലത്തില്‍ പ്രചാരണം നടത്തും.
നാളെ രാഹുലും പ്രിയങ്കയും രണ്ട് കിലോമീറ്റര്‍ റോഡ്‌ഷോ നടത്തിയ ശേഷമാകും പ്രിയങ്ക പത്രിക സമര്‍പ്പിക്കുക. നാളെ രാവിലെ 11ന് കല്‍പറ്റ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് ആരംഭിക്കുന്ന റോഡ് ഷോയ്ക്ക് പിന്നാലെ വരണാധികാരിയായ ജില്ലാ കലക്ടര്‍ക്ക് 12 മണിയോടെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.
കന്നിയങ്കത്തിന് ഇറങ്ങുന്ന പ്രിയങ്ക ഗാന്ധിക്ക് പൂര്‍ണ പിന്തുണയുമായി വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും ദേശീയ, സംസ്ഥാന നേതാക്കളും അടക്കം പ്രചരണത്തിനായി നിരവധി പ്രവര്‍ത്തകര്‍ വൈകാതെ വയനാട്ടിലെത്തും. രാഹുലിനെ വോട്ട് തേടി സോണിയ എത്തിയിരുന്നില്ലെങ്കിലും മകള്‍ പ്രിയങ്കയ്ക്കായി സോണിയ എത്തും എന്നതും ശ്രദ്ധേയമാണ്. മാത്രമല്ല, എട്ടര വര്‍ഷത്തിനു ശേഷമാണു സോണിയ കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് എത്തുന്നത്.