മുഖ്യ പരിശീലകനായി രാജസ്ഥാന്‍ റോയല്‍സിലേക്ക് തിരിച്ചെത്തി രാഹുല്‍ ദ്രാവിഡ്

ന്യൂഡല്‍ഹി: ഐപിഎല്‍ ടീം രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകനായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് തിരിച്ചെത്തി. ഒന്നിലധികം വര്‍ഷത്തെ കരാറിലാണ് ദ്രാവിഡിന്റെ മടങ്ങിവരവ്.

”കഴിഞ്ഞ കുറേ വര്‍ഷങ്ങളായി എന്റെ വീടായി വിശേഷിപ്പിച്ചിരുന്ന ആ പഴയ തട്ടകത്തിലേക്ക് തിരിച്ചെത്തുന്നതില്‍ സന്തോഷം. ലോകകപ്പിനു ശേഷം പുതിയൊരു വെല്ലുവിളി ഏറ്റെടുക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം ഇതാണെന്നു കരുതുന്നു. അതിനു പറ്റിയ ഇടം രാജസ്ഥാന്‍ റോയല്‍സ് തന്നെയാണ്’ – ദ്രാവിഡ് സന്തോഷം പങ്കുവെച്ചതിങ്ങനെ.

രാജസ്ഥാന്‍ റോയല്‍സിലേക്കുള്ള തന്റെ മടങ്ങിവരവിന് ദ്രാവിഡ് ഒരുങ്ങുകയാണെന്ന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

2014ല്‍ രാജസ്ഥാന്‍ റോയല്‍സിനെ പരിശീലിപ്പിച്ച ദ്രാവിഡ് ഇന്ത്യ അണ്ടര്‍ 19 ടീമിലും ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലും വ്യത്യസ്ത റോളുകള്‍ വഹിച്ചിട്ടുണ്ട്.

‘കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഞങ്ങളുടെ ഓണ്‍-ഫീല്‍ഡ് പ്രകടനത്തില്‍ ഞങ്ങള്‍ അതിശയകരമായ പുരോഗതി കൈവരിച്ചു, പക്ഷേ ഇനിയും ഒരുപാട് പഠിക്കാനും മെച്ചപ്പെടുത്താനും വളരാനും ഉണ്ട്. അദ്ദേഹത്തിന്റെ മടങ്ങിവരവ് ഞങ്ങളുടെ പുരോഗതിയെ കൂടുതല്‍ ത്വരിതപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു, ഒപ്പമുള്ള എല്ലാവര്‍ക്കും ഇത് ഒരു വലിയ ഉത്തേജനവും ആയിരിക്കും”-രാജസ്ഥാന്‍ റോയല്‍സ് വ്യക്തമാക്കി.

‘ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളാണ് രാഹുല്‍, എന്നാല്‍ പരിശീലകനെന്ന നിലയില്‍ കഴിഞ്ഞ ദശകത്തില്‍ അദ്ദേഹത്തിന്റെ നേട്ടം അസാധാരണമാണ്’-കുമാര്‍ സംഗക്കാര പ്രതികരിച്ചു. രാജസ്ഥാന്‍ റോയല്‍സില്‍ ക്രിക്കറ്റ് ഡയറക്ടറായ കുമാര്‍ സംഗക്കാരയുമൊത്താകും ഇനി ദ്രാവിഡിന്റെ പ്രവര്‍ത്തനം.

More Stories from this section

family-dental
witywide