വീണ്ടും തലപൊക്കി രാഹുലിന്റെ ട്രോളി വിവാദം : കൂടുതല്‍ വീഡിയോ പുറത്ത്, വിശദീകരിച്ച് രാഹുല്‍

പാലക്കാട്: പാലക്കാട് തിരഞ്ഞെടുപ്പിന്റെ ഭാഗമായി പാതിരാത്രിയില്‍ നടന്ന വിവാദ റെയ്ഡിനെത്തുടര്‍ന്ന് രാഹുലിന്റെ പെട്ടിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ കൂടുതല്‍ വീഡിയോ പുറത്ത്. ഹോട്ടല്‍ റെയ്ഡുമായി ബന്ധപ്പെട്ട് സിപിഎം പുറത്തുവിട്ടത് എന്ന തരത്തില്‍ ഇന്നും പുതിയ വീഡിയോ എത്തി. രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന തരത്തിലാണ് ഇന്നത്തെ വീഡിയോ എത്തിയത്.

രാഹുലിന്റേതെന്ന് പറയപ്പെടുന്ന നീല ട്രോളി ബാഗ് രാഹുല്‍ കയറിയ കാറില്‍ കയറ്റാതെ മറ്റൊരു വാഹനത്തില്‍ കയറ്റുകയും ഇത് രാഹുല്‍ യാത്ര ചെയ്ത വാഹനത്തെ പിന്തുടര്‍ന്ന് പോകുന്നതുമായ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. ബാഗിലുള്ളത് കള്ളപ്പണമാണെന്നും അതിനാലാണ് രാഹുല്‍ കയറിയ വാഹനത്തില്‍ കയറ്റാതിരുന്നതെന്നും സിപിഎം ആരോപിച്ചിരുന്നു. എന്നാല്‍ സംഭവത്തെക്കുറിച്ച് വിശദീകരിച്ച് രാഹുലും രംഗത്തെത്തിയിരിക്കുകയാണ്.

രാഹുലിന്റെ വാക്കുകള്‍

താനും സുഹൃത്തും രണ്ട് വാഹനത്തിലാണ് ഹോട്ടലില്‍ നിന്ന് പോയതെന്ന് സ്ഥിരീകരിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ താന്‍ കയറിയത് ഷാഫി പറമ്പിലിന്റെ കാറിലാണെന്നും തന്റെ കാറിലാണ് സുഹൃത്ത് വന്നതെന്നും പറഞ്ഞു. ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടായിരുന്നത് കൊണ്ടാണ് ഷാഫിക്കൊപ്പം കാറില്‍ കയറിയത്. സുഹൃത്ത് തന്റെ കാറിലേക്ക് പാലക്കാട് പ്രസ് ക്ലബിന് സമീപത്ത് വച്ച് മാറിക്കയറി. എന്നാല്‍ തന്റെ കാറിന് തകരാര്‍ ഉണ്ടായതിനാല്‍ സര്‍വീസിന് കൊടുക്കാന്‍ സുഹൃത്തിനെ ഏല്‍പ്പിച്ചു. പിന്നീട് പാലക്കാട് കെ ആര്‍ ടവറിന് സമീപത്ത് വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കാറില്‍ കോഴിക്കോടേക്ക് പോയി. തന്റെ കാറില്‍ നിന്ന് ട്രോളികള്‍ ഈ കാറിലേക്ക് മാറ്റി. കോഴിക്കോട് അസ്മ ടവറിലേക്ക് കാറില്‍ ചെന്നിറങ്ങുന്നതിന്റെ സി സി ടിവി ദൃശ്യവും രാഹുല്‍ മാങ്കൂട്ടത്തില്‍ പുറത്തുവിട്ടു.

Also Read

More Stories from this section

family-dental
witywide