
തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയും ആനിരാജയും വയനാട്ടിലെ ടൂറിസ്റ്റ് വിസക്കാരാണെന്നും താന്‍ അവിടത്തെ സ്ഥിരം വിസക്കാരനാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റും വയനാട്ടിലെ ബിജെപി സ്ഥാനാര്‍ഥിയുമായ കെ. സുരേന്ദ്രന്‍. വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരേ ശക്തമായ പോരാട്ടം കാഴ്ചവെക്കുമെന്നും സ്ഥാനാര്‍ഥി പ്രഖ്യാപത്തിനു പിന്നാലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച സുരേന്ദ്രൻ വ്യക്തമാക്കി.
“മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തിലായിരുന്നു ഞാൻ. എന്നാല്‍, കഴിഞ്ഞദിവസം കേന്ദ്രനേതൃത്വം ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് രാഹുല്‍ ഗാന്ധിക്കെതിരേ മത്സരിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. രാഹുല്‍ ഗാന്ധിക്കെതിരേ ശക്തമായ പോരാട്ടം വേണം എന്ന പാര്‍ട്ടിയുടെ നിര്‍ദേശം പരിഗണിച്ച് അച്ചടക്കമുള്ള പ്രവർത്തകനെന്ന നിലയിലാണ് സ്ഥാനാര്‍ഥിത്വം ഏറ്റെടുത്തത്. വളരെ ഭാരിച്ച ഉത്തരവാദിത്തമാണിത്. ഞാന്‍ പൂര്‍ണ സന്തോഷത്തോടെ അത് ഏറ്റെടുക്കുകയാണ്,” സുരേന്ദ്രൻ പറഞ്ഞു.
വയനാട് വ്യക്തിപരമായി വളരെ ബന്ധമുള്ള മണ്ഡലമാണെന്ന് സുരേന്ദ്രൻ പറഞ്ഞു. വയനാട് ജില്ലയില്‍ യുവമോര്‍ച്ച പ്രസിഡന്റായാണ് താൻ പൊതുജീവിതം ആംരംഭിച്ചത്. “മറ്റു രണ്ട് സ്ഥാനാര്‍ഥികളും ടൂറിസ്റ്റ് വിസയില്‍ വന്നവരാണ്. എനിക്ക് ഇവിടെ പെര്‍മെനന്റ് വിസയാണ്. കഴിഞ്ഞ അഞ്ചുവര്‍ഷം രാഹുല്‍ ഗാന്ധി ഒരു വിസിറ്റിങ് എംപിയായാണ് വയനാട്ടില്‍ പ്രവര്‍ത്തിച്ചത്. രാഹുല്‍ ഗാന്ധി മണ്ഡലത്തില്‍ ഒന്നും ചെയ്തിട്ടില്ല. കഴിഞ്ഞ തവണ അമേഠിയിലെ ജനങ്ങൾ എന്താണോ ചെയ്തത് ഇത്തവണ വയനാട്ടിലെ ജനങ്ങൾ അത് ചെയ്യുമെന്ന പ്രതീക്ഷയോടെയാണ് ഞങ്ങൾ ഇറങ്ങുന്നത്.” മോദി വയനാട്ടിലെ വികസനത്തിന് ഒരുപാട് കാര്യങ്ങള്‍ ചെയ്‌തെന്നും സുരേന്ദ്രന്‍ അവകാശപ്പെട്ടു.