
മട്ടന്നൂർ: വയനാട് എംപി രാഹുൽ ഗാന്ധി കണ്ണൂർ വിമാനത്താവളത്തിലെത്തി. വയനാട്ടിലേക്കുള്ള യാത്രക്കാണ് അദ്ദേഹം കണ്ണൂരിലെത്തിയിരിക്കുന്നത്. ശനിയാഴ്ച രാത്രി എട്ടിനാണ് വാരാണസിയിൽനിന്ന് പ്രത്യേക വിമാനത്തിൽ രാഹുൽ ഗാന്ധി കണ്ണൂർ വിമാനത്താവളത്തിലെത്തിയത്. വെള്ളിയാംപറമ്പിലെ ഗ്രീൻ പ്ലാനറ്റ് റിസോർട്ടിലാണ് രാത്രി താമസം. ഞായറാഴ്ച പുലർച്ച അഞ്ചോടെ റോഡ് മാർഗം വയനാട്ടിലേക്ക് തിരിക്കും.
വന്യജീവി ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ വയനാട്ടിൽ പ്രതിഷേധം ആളിക്കത്തുമ്പോഴാണ് രാഹുലിന്റെ വരവ്. മണ്ഡലത്തിലെ എംപി എവിടെ എന്ന ചോദ്യവും വിമര്‍ശനവും പലകോണില്‍നിന്നും ഉയര്‍ന്നിരുന്നു.
ഭാരത് ജോഡോ ന്യായ് യാത്രക്ക് ചെറിയ ഇടവേള നൽകിയാണ് രാഹുൽ വയനാട്ടിൽ എത്തുന്നത്. കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെയും അജീഷിന്റെയും വീടുകൾ രാഹുൽ സന്ദർശിക്കും. ഞായറാഴ്ച ഉച്ചവരെ വയനാട്ടിൽ നിന്ന ശേഷം ഭാരത് ജോഡോ ന്യായ് യാത്ര പുനഃരാരംഭിക്കാനായി മൂന്ന് മണിക്ക് പ്രയാഗ്‌രാജിലേക്ക് തിരിച്ചേക്കും.