‘കേരള മുഖ്യമന്ത്രി 24 മണിക്കൂറും എന്നെ ആക്രമിക്കുന്നു, ബിജെപിക്കെതിരെ മിണ്ടുന്നില്ല’, പിണറായി വിമർശനം കോട്ടയത്തും തുടർന്ന് രാഹുൽ

കോട്ടയം: കോട്ടയം ലോക്സഭ മണ്ഡലത്തിൽ യു ഡി എഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായെത്തിയ രാഹുൽ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും രൂക്ഷ വിമർശനം നടത്തി. കേരള മുഖ്യമന്ത്രി 24 മണിക്കൂറും തന്നെ ആക്രമിക്കാനാണ് ശ്രമിക്കുന്നതെന്ന് രാഹുൽ പറഞ്ഞു. തന്നെ 24 മണിക്കൂറും വിമർശിക്കുന്ന പിണറായി ബിജെപിക്കെതിരെ ഒന്നും പറയുന്നില്ല. മറുവശത്ത് ബി ജെ പിയാകട്ടെ കേരള മുഖ്യമന്ത്രിയെ എതിർക്കുകയോ ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ടിക്കുകയോ ചെയ്യുന്നില്ല.

ഇന്ത്യയിലെ 2 മുഖ്യമന്ത്രിമാർ ജയിലിലുള്ളപ്പോഴാണ് പിണറായിയെ ബി ജെ പി ഒന്നും ചെയ്യാത്തതെന്നും രാഹുൽ കൂട്ടിച്ചേർത്തു. അതിശയം തോന്നുന്ന കാര്യം ബി ജെ പി കേരള മുഖ്യമന്ത്രിയെ മാത്രം ഒന്നും ചെയ്യുന്നില്ല എന്നതിലാണെന്നും ഇ ഡി പിണറായിയെ ചോദ്യം ചെയ്യാൻ പോലും വിളിപ്പിച്ചില്ലെന്നും രാഹുൽ വിവരിച്ചു. വയനാട്ടിലും കോഴിക്കോടും നടത്തിയ വിമർശനങ്ങൾക്ക് പിന്നാലെയാണ് മുഖ്യമന്ത്രിക്കെതിരെ രാഹുൽ കോട്ടയത്തും വിമർശനം ആവർത്തിച്ചത്.

അതേസമയം മണിപ്പൂർ അടക്കമുള്ള വിഷയങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും രാഹുൽ വിമർശനം നടത്തി. ഇന്ത്യൻ പ്രധാനമന്ത്രി ഇന്ത്യൻ സൈന്യത്തിന് നിർദ്ദേശം നൽകിയാൽ മൂന്നു ദിവസം കൊണ്ട് മണിപ്പൂർ സംഘർഷം അവസാനിക്കുമെന്ന് പറഞ്ഞ രാഹുൽ, എന്നാൽ പ്രധാനമന്ത്രി അത് ചെയ്യുന്നില്ലെന്നും കൂട്ടിച്ചേർത്തു. രാജ്യത്ത അടിസ്ഥാനപരമായ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാൻ മണിപ്പൂരിനെയടക്കം കേന്ദ്ര സർക്കാർ ഉപയോഗിക്കുകയാണെന്നും രാഹുൽ വിമർശിച്ചു.

Rahul Gandhi criticize CM Pinarayi Vijayan silent against PM Modi