
ന്യൂഡല്‍ഹി: ആഭ്യന്തരമന്ത്രി അമിത്ഷായ്‌ക്കെതിരായ പരാമര്‍ശങ്ങളുടെ പേരിലുള്ള മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം ലഭിച്ചെന്ന് അഭിഭാഷകന്‍. ബിജെപി നേതാവ് വിജയ് മിശ്ര 2018-ല്‍ നല്‍കിയ മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് സുല്‍ത്താന്‍പൂര്‍ കോടതിയാണ് ജാമ്യം അനുവദിച്ചത്.
2018ലെ കര്‍ണാടക തിരഞ്ഞെടുപ്പിനിടെ പത്രസമ്മേളനത്തില്‍ അമിത് ഷായ്ക്കെതിരെ രാഹുല്‍ നടത്തിയ പരാമര്‍ശവുമായി ബന്ധപ്പെട്ടതാണ് കേസ്. 25,000 രൂപ ജാമ്യത്തുക കെട്ടിവെക്കണം. ആള്‍ജാമ്യവും രാഹുല്‍ ഹാജരാക്കണം.
2018 ല്‍ ബെംഗളൂരുവില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അമിത്ഷായ്ക്കെതിരെ ആക്ഷേപകരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ബിജെപി നേതാവ് വിജയ് മിശ്രയാണ് കേസ് ഫയല്‍ ചെയ്തത്. സത്യസന്ധവും സംശുദ്ധവുമായ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നതായി പാര്‍ട്ടി അവകാശപ്പെടുന്നുവെന്നും എന്നാല്‍ കൊലപാതകക്കേസില്‍ പ്രതിയായ ഒരു പാര്‍ട്ടി അധ്യക്ഷനുണ്ടെന്നും രാഹുല്‍ ഗാന്ധി അന്ന് ബിജെപിയെ കടന്നാക്രമിച്ചിരുന്നു.