വയനാടിനെ ‘കൈ’വിടാൻ രാഹുൽ; റായ്ബറേലി നിലനിർത്തും; വയനാട്ടിൽ പ്രിയങ്ക വരണമെന്ന് ആവശ്യം; തീരുമാനം ഉടൻ

ന്യൂഡല്‍ഹി: വയനാട്ടിലും റായ്ബറേലിയിലും വിജയിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് സീറ്റ് ഒഴിഞ്ഞേക്കുമെന്ന് സൂചന. റായ്ബറേലി നിലനിര്‍ത്തുമെന്നാണ് വിവരം. വയനാട് സന്ദര്‍ശനത്തിന് ശേഷമായിരിക്കും പ്രഖ്യാപനം. രാഹുല്‍ ഗാന്ധി വയനാട് മണ്ഡലം നിലനിര്‍ത്തണമെന്നായിരുന്നു കേരളത്തിലെ നേതാക്കള്‍ പ്രവര്‍ത്തക സമിതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ റായ്ബറേലി നിലനിര്‍ത്തണമെന്ന ആവശ്യം ഉത്തര്‍പ്രദേശ് പിസിസിയും ഉയര്‍ത്തി.

മണ്ഡലത്തില്‍ രാഹുലിന് പകരം എഐസിസി ജനറൽ സെക്രട്ടറിയും രാഹുലിന്റെ സഹോദരിയുമായ പ്രിയങ്കാ ഗാന്ധി എത്തുമെന്ന് അഭ്യൂഹം ഉണ്ട്. എന്നാല്‍ അതിന് ദേശീയ നേതൃത്വം പച്ചക്കൊടി കാട്ടിയിട്ടില്ല. പ്രിയങ്ക ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കണം എന്ന തീരുമാനത്തിലാണ് നേതൃത്വം. രാഹുലിന് പകരക്കാരനായി കേരളത്തിലെ തന്നെ ഒരാള്‍ മത്സരിക്കണം. മൂന്നര ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ വയനാട്ടില്‍ തുടര്‍ച്ചയായ രണ്ടാം തവണയും വിജയിച്ചത്. റായ്ബറേലിയില്‍ മൂന്ന് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലും വിജയിച്ചു.

അതേസമയം, രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാകണമെന്ന് കോൺഗ്രസ് പ്രവർത്തകസമിതിയിൽ ആവശ്യം. എല്ലാ സംസ്ഥാന പിസിസികളും രാഹുൽ പ്രതിപക്ഷ നേതാവാകണമെന്ന് ആവശ്യപ്പെട്ടു. രാഹുൽ പ്രതിപക്ഷ നേതാവായാൽ അത് പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും മുതിർന്ന നേതാക്കൾ അഭിപ്രായപ്പെട്ടു.

More Stories from this section

family-dental
witywide