
വയനാട്: മാനന്തവാടിയിൽ കാട്ടാനയുടെ ആക്രമണത്തില്‍ പയ്യമ്പള്ളി സ്വദേശി പനച്ചിയില്‍ അജീഷിന്റെ മരണത്തിൽ ഞെട്ടൽ രേഖപ്പെടുത്തി രാഹുല്‍ഗാന്ധി എംപി. വയനാട്ടില്‍ വന്യജീവി ആക്രമണം വര്‍ധിച്ചു വരികയാണ്. ഈ പ്രശ്‌നം പരിഹരിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടതാണ്. എന്നാല്‍ അതിനായുള്ള സമഗ്രമായ കര്‍മപദ്ധതിയുടെ അഭാവം ഇപ്പോഴും നിലനില്‍ക്കുകയാണ്. വിഷയത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും രാഹുല്‍ ഗാന്ധി സമൂഹ മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
“വന്യജീവി ആക്രമണം മൂലം വയനാട്ടിൽ മറ്റൊരു ജീവൻ കൂടി പൊലിഞ്ഞിരിക്കുകയാണ്. കുടുംബത്തിന്‍റെ ഏക അത്താണിയാണ് കൊല്ലപ്പെട്ട അജി. വന്യജീവി ആക്രമണങ്ങൾ, പ്രത്യേകിച്ചും കാട്ടാന ആക്രമണം വയനാട്ടിലെ ജനങ്ങളുടെ ജീവിതത്തിനും ഉപജീവനമാർഗത്തിനും വലിയ നാശമാണുണ്ടാക്കുന്നത്. വയനാട്ടിലെ അത്തരം ആക്രമണങ്ങൾ തടയാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, പ്രശ്നം പരിഹരിക്കാൻ സമഗ്രമായ ഒരു പദ്ധതിയില്ലാത്തത് മനുഷ്യനും വന്യജീവികളുമായുള്ള സംഘർഷം വർധിപ്പിക്കുകയാണ്. കേന്ദ്ര, സംസ്ഥാന സർക്കാറുകൾ എത്രയും വേഗം ഇടപെട്ട് ഒരു പരിഹാരം കാണണമെന്ന് ആവശ്യപ്പെടുന്നു,” രാഹുൽ പറഞ്ഞു.
പടമല സ്വദേശിയായ അജീഷ് ആണ് രാവിലെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. രാവിലെ വീടിന്റെ മതിൽ തകർത്ത് എത്തിയ കാട്ടാന , ഭയന്നോടിയ അജീഷിനെ ചവിട്ടിക്കൊല്ലുകയായിരുന്നു. കർണാടക വനംവകുപ്പ് റേഡിയോ കോളർ ഘടിപ്പിച്ച് വിട്ട ആനയാണ് ആക്രമണം നടത്തിയത്. ഇതിന് പിന്നാലെ മാനന്തവാടി നഗരസഭയിലെ 4 താലൂക്കുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.