
ദില്ലി: റായ്ബറേലിയിൽ സ്ഥാനാർഥിയായതിനെക്കുറിച്ചുള്ള വിമർശനങ്ങൾക്കിടെ വൈകാരികമായി പ്രതികരിച്ച് രാഹുൽ ഗാന്ധി രംഗത്ത്. അമ്മ ഏൽപിച്ച ദൗത്യമാണ് റായ്ബറേലിയെന്നാണ് രാഹുൽ പറഞ്ഞത്. പരമ്പരാഗത മണ്ഡലത്തെ സേവിക്കണമെന്നാണ് അമ്മ തന്നോട് ആവശ്യപ്പെട്ടത്. അതാണ് റായ്ബറേലിയിൽ പോരാട്ടത്തിനിറങ്ങിയതെന്നും കോൺഗ്രസ് മുൻ അധ്യക്ഷൻ കൂട്ടിച്ചേർത്തു.റായ്ബറേലിയും അമേഠിയും എന്‍റെ കുടുംബമാണ്. ഈ പോരാട്ടത്തിൽ വിജയിക്കാൻ എല്ലാവരുടെയും അനുഗ്രഹം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നേരത്തെ പ്രധാനമന്ത്രിയടക്കം രാഹുലിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. രാഹുൽ ഭയന്നോടിയതാണെന്നാണ് നരേന്ദ്ര മോദി പറഞ്ഞത്. ഭയപ്പെടരുതെന്ന് ജനങ്ങളോട് പറയുന്ന രാഹുല്‍ തന്നെ അമേഠിയിൽ നിന്ന് ഭയന്നോടിയെന്നും നരേന്ദ്ര മോദി പരിഹസിച്ചു.
അതേസമയം അഭ്യൂഹങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമൊടുവിൽ ഇന്ന് ഉച്ചയോടെ സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെ തുടങ്ങിയവര്‍ക്കൊപ്പം റായ്ബറേലിയിലെത്തിയാണ് രാഹുല്‍ നാമനിര്‍ദേശ പത്രിക സമർപ്പിച്ചത്. വയനാട് ലോക്സഭ മണ്ഡലത്തിലും രാഹുൽ ഇക്കുറി ജനവിധി തേടിയിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാം സീറ്റായി റായ്ബറേലി രാഹുൽ തെരഞ്ഞെടുത്തത്.