റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി ഇന്ന് പത്രിക സമർപ്പിക്കും; റോഡ്ഷോയും പ്രചാരണവും, പ്രധാന നേതാക്കൾ മണ്ഡലത്തിലേക്ക്

ന്യൂഡല്‍ഹി: റായ്ബറേലിയിലെ കോൺഗ്രസ് സ്ഥാനാർത്ഥി രാഹുല്‍ ഗാന്ധി ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. ഇന്ന് പത്രിക സമര്‍പ്പിക്കാനുളള അവസാന ദിവസമാണ്. റോഡ്ഷോയുടെ അകമ്പടിയോടെ പത്രിക സമര്‍പ്പണത്തിനുള്ള ഒരുക്കങ്ങളിലാണ് കോണ്‍ഗ്രസ്. ഗാന്ധി കുടുംബവും പ്രധാന നേതാക്കളുമെല്ലാം റോഡ്ഷോയിൽ പങ്കെടുക്കുമെന്നാണ് വിവരം. ഇന്നലെ രാത്രി ഏറെ വൈകിയാണ് രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. അമേഠിയില്‍ ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തന്‍ കിശോരിലാല്‍ ശര്‍മ്മയും ഇന്ന് പത്രിക നല്‍കും. 

ഗാന്ധി കുടുംബത്തിന്റെ ശക്തികേന്ദ്രങ്ങളായിരുന്ന രണ്ട് സീറ്റുകളായിരുന്നു ഉത്തര്‍ പ്രദേശിലെ അമേഠിയും റായ്ബറേലിയും. 2019 ലെ തിരഞ്ഞെടുപ്പില്‍ അമേഠിയെ ബിജെപിയുടെ സ്മൃതി ഇറാനി സ്വന്തമാക്കി. അമേഠിയില്‍ മത്സരിക്കാന്‍ രാഹുല്‍ ഗാന്ധിയെ കേന്ദ്രമന്ത്രി കൂടിയായ സ്മൃതി ഇറാനി തുടരെത്തുടരെ വെല്ലുവിളിച്ചിരുന്നു. എന്നാല്‍, ഈ വെല്ലുവിളി ഏറ്റെടുക്കാതെയാണ് വലിയ സമ്മര്‍ദ്ദത്തിനൊടുവില്‍ റായ്ബറേലിയില്‍ മത്സരിക്കാന്‍ രാഹുല്‍ തയ്യാറായത്.

റായ്ബറേലി സോണിയാഗാന്ധിയുടെ മണ്ഡലമാണ്. ഈ വര്‍ഷം ആദ്യം രാജ്യസഭാംഗമായതിനെ തുടര്‍ന്ന് സോണിയ ഗാന്ധി റായ്ബറേലി സീറ്റ് ഒഴിഞ്ഞിരുന്നു. ഇവിടേക്കാണ് അമ്മ പിന്നിട്ട പാതകളിലേക്ക് രാഹുല്‍ എത്തുക. 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ സോണിയാ ഗാന്ധി പരാജയപ്പെടുത്തിയ ബിജെപിയുടെ ദിനേഷ് പ്രതാപ് സിങ്ങിനെതിരെയാണ് ഇത്തവണ രാഹുലും മത്സരിക്കുക.