
ബറേലി: രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വോട്ടെണ്ണൽ ദിവസമായ ജൂൺ 4 ന് ഭാരത് ജോഡോ യാത്രക്ക് പകരം കോൺഗ്രസിനെ കണ്ടെത്താനുള്ള യാത്ര നടത്തേണ്ടി വരുമെന്ന് അമിത് ഷാ പരിഹസിച്ചു. ബറേലിയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു അമിത് ഷായുടെ പരിഹാസം.
രാഹുൽ ഗാന്ധി, കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, എസ്പിയുടെ അഖിലേഷ് യാദവ് എന്നിവർ അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാതിരുന്നത് തങ്ങളുടെ വോട്ട് ബാങ്ക് അകന്നുപോകുമെന്ന ഭയത്താലാണെന്ന് അമിത് ഷാ പറഞ്ഞു.
ഭീകരവാദവും മാവോയിസ്റ്റ് തീവ്രവാദവും അവസാനിപ്പിച്ച് ഇന്ത്യയെ ആഗോളതലത്തിൽ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാക്കുന്നതിനാണ് ഈ തെരഞ്ഞെടുപ്പെന്ന് ഷാ പറഞ്ഞു.
ഇന്ത്യൻ ബ്ലോക്ക് സഖ്യകക്ഷിയായ സമാജ്‌വാദി പാർട്ടിയുടെ അധ്യക്ഷൻ അഖിലേഷ് യാദവ് തൻ്റെ കുടുംബത്തിലെ അഞ്ച് പേർക്ക് നിലവിലെ തിരഞ്ഞെടുപ്പിൽ ടിക്കറ്റ് നൽകി കുടുംബ ഭരണത്തിൽ മുഴുകിയിരിക്കുകയാണെന്ന് അമിത് ഷാ ആഞ്ഞടിച്ചു.