
ഇംഫാല്‍: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രക്ക് ഉപയോഗിക്കുന്ന ബസില്‍ കോണ്‍ഫറന്‍സ് റൂം, ലിഫ്റ്റ്, സ്‌ക്രീന്‍, ശുചിമുറി, കിടക്ക അടക്കമുള്ള ആധുനിക സൗകര്യങ്ങള്‍ എന്ന് റിപ്പോർട്ട്. ബസില്‍ നിന്ന് ഇറങ്ങാനും കയറാനും എന്നതിനപ്പുറം ലിഫ്റ്റ് ബസിന്റെ മുകളിലേക്ക് ഉയരുകയും അതില്‍ നിന്ന് രാഹുല്‍ ജനത്തെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുകയും ചെയ്യും.
എട്ട് പേര്‍ക്ക് യോഗം ചേരാവുന്ന കോണ്‍ഫറന്‍സ് റൂമും ബസിന്റെ പിന്നില്‍ ഒരുക്കിയിരിക്കുന്നു. യാത്രക്കിടെ തെരഞ്ഞെടുത്തവരുമായി രാഹുല്‍ സംവദിക്കും. ഇതിന്റെ തത്സമയ ദൃശ്യങ്ങള്‍ ബസിന് പുറത്ത് സജ്ജീകരിച്ച സ്‌ക്രീനില്‍ ദൃശ്യമാകും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെയും മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിയയുടെയും ചിത്രങ്ങളും ആലേഖനം ചെയ്തിരിക്കുന്നു.
‘നഫ്രത് കാ ബസാര്‍ മേ മൊഹബത് കി ദുകാന്‍’, ‘മൊഹബത് കി ദുകാന്‍’ തുടങ്ങിയ രാഹുലിന്റെ പ്രശസ്ത വാചകങ്ങളും എഴുതിയിരിക്കുന്നു. തെലങ്കാന രജിസ്‌ട്രേഷന്‍ ബസാണ് രാഹുല്‍ യാത്രക്കായി തെരഞ്ഞെടുത്തത്. രണ്ട് മാസം നീളുന്നതാണ് ഭാരത് ജോഡോ ന്യായ് യാത്ര. ഞായറാഴ്ച തൗബാല്‍ ജില്ലയിലെ ഖോങ്ജോം യുദ്ധസ്മാരകത്തിനു സമീപത്തുനിന്ന് ആരംഭിച്ച യാത്ര തിങ്കളാഴ്ച നാഗാലാന്‍ഡിലേക്ക് നീങ്ങി.
Ye ‘Mohabbat Ki Dukaan’ Ab Rukegi Nahi…
— Bharat Jodo Nyay Yatra (@bharatjodo) January 15, 2024
Nyay Ka Haq Milne Tak #BharatJodoNyayYatra pic.twitter.com/QT8Q4mMsbP
അതേസമയം, നവകേരള സദസ്സിന് ഉപയോഗിച്ചത് ആഡംബര ബസാണെന്ന് വിശേഷിപ്പിച്ച കെ. സുധാകരനും വി.ഡി. സതീശനും ഭാരത് ജോഡോ ന്യായ് യാത്രാ ബസിന് എന്ത് വിശേഷണം നൽകുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ചോദിച്ചു. സ്വന്തം നേതാവ് യാത്ര നടത്തുമ്പോൾ മിണ്ടാതിരിക്കുന്ന ഇരട്ടത്താപ്പാണ് വി.ഡി. സതീശന്‍റേതും കെ. സുധാകരന്‍റേതുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.