
തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന് വിശദമായ ആരോഗ്യ പരിശോധന നടത്താന്‍ കോടതി നിര്‍ദേശം. ജാമ്യ ഹര്‍ജി പരിഗണിക്കവേ ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് രാഹുലിന്റെ അഭിഭാഷകന്‍ അറിയിച്ചതിനെ തുടര്‍ന്നാണ് വിശദമായ പരിശോധന നടത്താന്‍ നിര്‍ദേശിച്ചത്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലാണ് വിശദമായ പരിശോധന നടക്കുന്നത്. വഞ്ചിയൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (3) ആണ് പരിശോധനയ്ക്ക് നിർദേശം നൽകിയത്.
പരിശോധനാ ഫലം കൂടി ലഭിച്ച ശേഷമായിരിക്കും ജാമ്യം അനുവദിക്കണോ എന്ന കാര്യത്തിൽ തീരുമാനം എടുക്കുന്നത്. രാഹുലിന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്.
രാവിലെ ഫോര്‍ട്ട് ആശുപത്രിയില്‍ പരിശോധന നടത്തിയിരുന്നു. ഇതില്‍ മെഡിക്കല്‍ ഫിറ്റാണെന്നാണ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ അറസ്റ്റിന് രണ്ട് ദിവസം മുമ്പുവരെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെന്നും തുടര്‍ ചികിത്സ ആവശ്യമുണ്ടെന്നും രാഹുല്‍ കോടതിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് വിശദമായ പരിശോധന നിര്‍ദേശിച്ചത്. വലിയ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും കഴിഞ്ഞ ദിവസം മാത്രമാണ് ആശുപത്രിയിൽ നിന്ന് വന്നതെന്നും രാഹുൽ കോടതിയെ അറിയിച്ചു.
നവകേരള സദസിനെത്തിയ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചവര്‍ക്കു നേരെയുണ്ടായ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷങ്ങളുടെ പേരിലാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. ഇന്ന് പുലര്‍ച്ചെ അടൂരിലെ വീട്ടിലെത്തിയായിരുന്നു കന്റോണ്‍മെന്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുകയാണ്.