
തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാരോപണത്തിൽ സാംസ്കാരിക മന്ത്രി സജി ചെറിയാനെ വിമർശിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. സജി ചെറിയാൻ പവർ ഗ്രൂപ്പിന്റെ മിനിസ്റ്ററാണെന്നും സാംസ്‌ക്കാരിക ബാധ്യതയാണെന്നും രാഹുൽ രാഹുൽ പറഞ്ഞു.
പരാതി കിട്ടിയാലേ കേസ് എടുക്കൂ എന്ന് പറയാൻ സജി ചെറിയാന് എന്താണ് അവകാശം. മന്ത്രിമാർ പറയുന്നത് ഒരേ ക്യാപ്സൂളാണ്. പരാതി ഇല്ലാതെ തന്നെ കേസ് എടുക്കാം എന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞിരുന്നു. ആരോപണം തെളിഞ്ഞാൽ നടപടിയെടുക്കുമെന്ന് പറയുന്നുണ്ട്. കേസെടുക്കാതെ എങ്ങനെയാണ് നടപടിയുണ്ടാവുക. ആരോപണം തെളിയണമെങ്കിൽ അന്വേഷണം നടക്കണ്ടേയെന്നും രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു.
നേരത്തെ സജി ചെറിയാനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തിയിരുന്നു. അദ്ദേഹം നല്ല സിനിമാക്കാരനാണെന്ന സജി ചെറിയാന്റെ പരാമർശത്തോട് യോജിക്കുന്നു. ഒരു സ്നേഹിതനെന്ന നിലയിൽ അദ്ദേഹം രാജിവെക്കണമെന്നതാണ് അഭ്യർത്ഥന. സർക്കാർ വേട്ടക്കാർക്ക് വഴങ്ങിക്കൊടുത്തിരിക്കുകയാണ്. നിയമാനുസൃതമായ ഉത്തരവാദിത്തത്തിൽ വീഴ്ച വരുത്തിയ സാംസ്കാരിക മന്ത്രി സജി ചെറിയാൻ ഈ സ്ഥാനത്ത് തുടരാൻ അർഹനല്ലെന്നും വി ഡി സതീശൻ പറഞ്ഞു.













