”ഞാന്‍ തയ്യാര്‍, പക്ഷേ എന്നോടൊപ്പം എം ബി രാജേഷും എ.എ റഹീമും നുണപരിശോധനയ്ക്ക് വിധേയരാകണം” ഗോവിന്ദന്റെ വെല്ലുവിളി ഏറ്റെടുത്ത് രാഹുല്‍

പാലക്കാട്: പുകഞ്ഞു തീരാത്ത വിവാദമായ പാലക്കാട് പാതിരാ റെയ്ഡുമായി ബന്ധപ്പെട്ട് സി പി എം പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദന്റെ വെല്ലുവിളി ഏറ്റെടുക്കുകയാണെന്ന് പാലക്കാട് യു ഡി എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. താന്‍ നുണ പരിശോധനയ്ക്ക് തയ്യാറാണെന്നും എന്നാല്‍ തനിക്കൊപ്പം മന്ത്രി എം ബി രാജേഷിനെയും, എ.എ റഹീമിനേയും കൂടി നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്നും രാഹുല്‍ പറഞ്ഞു.

പാലക്കാട് ഹോട്ടല്‍ റെയ്ഡ് ഷാഫി പറമ്പില്‍ നടത്തിയ നാടകമാണെന്ന ഇടതു സ്ഥാനാര്‍ഥി പി. സരിന്റെ വാദത്തെയും എതിര്‍ത്ത രാഹുല്‍, തങ്ങളുടെ നാടകത്തില്‍ അഭിനയിക്കുന്ന നടന്‍മാരാണോ എം ബി രാജേഷും റഹീമും എന്ന ചോദ്യം ഉന്നയിച്ചു. ഇങ്ങനെ ഗോള്‍പോസ്റ്റ് മാറ്റി തങ്ങളെക്കൊണ്ട് വീണ്ടും വീണ്ടും ഗോളടിപ്പിക്കല്ലേയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പരിഹസിച്ചു.

രാഹുല്‍ മാങ്കൂട്ടത്തില്‍ തുടര്‍ച്ചയായി കളവ് പറയുന്നുവെന്നും കോണ്‍ഗ്രസ് നേതാക്കളെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്നും എം വി ഗോവിന്ദന്‍ രാവിലെ ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പില്‍ കള്ളപ്പണം ഒഴുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ആരോപിച്ച അദ്ദേഹം സര്‍ക്കാര്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു.

More Stories from this section

family-dental
witywide