
ഗാന്ധി കുടുംബത്തിന്റെ ശക്തികേന്ദ്രങ്ങളായിരുന്ന രണ്ട് സീറ്റുകളായിരുന്നു ഉത്തര്‍ പ്രദേശിലെ അമേഠിയും റായ്ബറേലിയും. 2019 ലെ തിരഞ്ഞെടുപ്പില്‍ അമേഠിയെ ബിജെപിയുടെ സ്മൃതി ഇറാനി സ്വന്തമാക്കി. അമേഠിയില്‍ മത്സരിക്കാന്‍ രാഹുല്‍ ഗാന്ധിയെ കേന്ദ്രമന്ത്രി കൂടിയായ സ്മൃതി ഇറാനി തുടരെത്തുടരെ വെല്ലുവിളിച്ചിരുന്നു. എന്നാല്‍, ഈ വെല്ലുവിളി ഏറ്റെടുക്കാതെയാണ് വലിയ സമ്മര്‍ദ്ദത്തിനൊടുവില്‍ റായ്ബറേലിയില്‍ മത്സരിക്കാന്‍ രാഹുല്‍ തയ്യാറായത്.
രാഹുലിന്റെ പിതാവും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന രാജീവ് ഗാന്ധിയുടെയും മണ്ഡലമായിരുന്നു അമേഠി. 1981മുതല്‍ മരിക്കുന്ന 1991 വരെ രാജീവ് ഗാന്ധി പ്രതിനിധീകരിച്ചിരുന്നത് അമേഠിയെ ആയിരുന്നു. 1999 മുതല്‍ സോണിയ അമേഠിയെ പ്രതിനിധീകരിച്ചു. പിന്നീട് 2004ല്‍ രാഹുല്‍ എത്തി.
കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ കോണ്‍ഗ്രസ് അമേഠിയില്‍ ആരെ നിര്‍ത്തിയാലും പരാജയമായിരിക്കുമെന്നു സ്മൃതി അമിത ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. അമേഠി തങ്ങള്‍ക്ക് നഷ്ടമാകുന്ന സീറ്റാണെന്ന് നേതൃത്വത്തിന് അറിയാമെന്നും, അവരുടെ വിജയത്തെക്കുറിച്ച് അവര്‍ക്ക് ആത്മവിശ്വാസമുണ്ടെങ്കില്‍, അവര്‍ നേരത്തെ തന്നെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമായിരുന്നുവെന്നും സ്മൃതി ഇറാനി പലപ്പോഴും പരിഹസിച്ചിട്ടുണ്ട്. അതിന്റെ പ്രധാന കാരണമായി അവര്‍ ചൂണ്ടിക്കാട്ടിയത് പരാജയം നുണഞ്ഞ രാഹുല്‍ അമേഠിയിലിലേക്ക് പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ല എന്നതാണ്. അമേഠിയില്‍ രാഹുലോ പ്രിയങ്കയോ ആര് വന്നാലും തോല്‍ക്കുമെന്നും ഈ രണ്ടുപേരും പ്രദേശത്ത് നിന്ന് വിട്ടുനില്‍ക്കുന്ന രാഷ്ട്രീയക്കാരാണെന്നും സ്മൃതി ഇറാനി കുറ്റപ്പെടുത്തിയിരുന്നു. കുറ്റപ്പെടുത്തലുകള്‍ക്കപ്പുറം ഇത്തരമൊരു സംസാരം പരക്കെ ഉയര്‍ന്നിരുന്നു.
അമേഠിയില്‍ രാഹുലും റായ്ബറേലിയില്‍ പ്രിയങ്കയും മത്സരിക്കണം എന്നതായിരുന്നു പാര്‍ട്ടിയില്‍ ഉയര്‍ന്ന ആവശ്യം. എന്നാല്‍ അമേഠിയില്‍ മത്സരിക്കാന്‍ രാഹുലിന് താല്പര്യമില്ലായിരുന്നു. കാരണം രാഹുല്‍ തോറ്റശേഷം ഇതുവരെ അമേഠിയിലെക്ക് പോയിട്ടേ ഇല്ല. മത്സരിച്ചാല്‍ ഇത് വലിയ തിരിച്ചടിയാകുമെന്ന് രാഹുലിന് വ്യക്തമായിരുന്നു. എന്നാല്‍, ആരെങ്കിലും മത്സരിച്ചേ മതിയാകു എന്ന നിലപാട് പാര്‍ട്ടി എടുത്തതോടെയാണ് രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിക്കാന്‍ തീരുമാനിച്ചത്.
റായ്ബറേലി സോണിയാഗാന്ധിയുടെ മണ്ഡലമാണ്. ഈ വര്‍ഷം ആദ്യം രാജ്യസഭാംഗമായതിനെ തുടര്‍ന്ന് സോണിയ ഗാന്ധി റായ്ബറേലി സീറ്റ് ഒഴിഞ്ഞിരുന്നു. ഇവിടേക്കാണ് അമ്മ പിന്നിട്ട പാതകളിലേക്ക് രാഹുല്‍ എത്തുക. 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ സോണിയാ ഗാന്ധി പരാജയപ്പെടുത്തിയ ബിജെപിയുടെ ദിനേഷ് പ്രതാപ് സിങ്ങിനെതിരെയാണ് ഇത്തവണ രാഹുലും മത്സരിക്കുക.
ബ്ലോക്ക് നേതാവായി രാഷ്ട്രീയ ജീവിതം ആരംഭിച്ച ദിനേഷ് പ്രതാപ് സിംഗ് നിലവില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരില്‍ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയാണ്. 2004ല്‍ വിധാന്‍ പരിഷത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോഴാണ് സമാജ്വാദി പാര്‍ട്ടിയില്‍ സിംഗ് തന്റെ രാഷ്ട്രീയത്തിന് തുടക്കം കുറിച്ചത്. പിന്നീട് 2007ല്‍ യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ ടിലോയ് മണ്ഡലത്തില്‍ നിന്ന് ബഹുജന്‍ സമാജ് പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ചെങ്കിലും പരാജയം ഏറ്റുവാങ്ങി. അതിനുശേഷം 2010ല്‍ ആദ്യമായി കൗണ്‍സിലറായ ദിനേശ് പ്രതാപ് സിങ് കോണ്‍ഗ്രസില്‍ ഭാഗ്യം പരീക്ഷിച്ചു. 2019ല്‍ ദിനേശ് ബിജെപിയില്‍ ചേര്‍ന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സോണിയാ ഗാന്ധിക്കെതിരെ മത്സരിച്ചു. പരാജയം നേരിട്ടെങ്കിലും, സിംഗ് കാര്യമായ പിന്തുണ നേടി. ഏകദേശം നാല് ലക്ഷം വോട്ടുകള്‍ നേടാന്‍ തക്ക രീതിയില്‍ വളര്‍ന്നിരുന്നു. റായ്ബറേലിയെ ബിജെപി കോട്ടയാക്കിയെന്നും അതു തുടരുമെന്നുമുള്ള ദിനേശ് സിംഗിന്റെ ആത്മവിശ്വാസം രാഹുല്‍ തകര്‍ക്കേണ്ടതുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 5,34,918 വോട്ടുകള്‍ നേടി സോണിയാ ഗാന്ധി 1,67,178 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവിടെ നിന്ന് വിജയിച്ചത്.
യു.പിയിലെ റായ്ബറേലി ലോക്‌സഭാ മണ്ഡലത്തിന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായക സ്ഥാനമാണ് ഉളളത്. ഇന്ദിരാഗാന്ധിയുടെ മണ്ഡലമായിരുന്നു റായ്ബറേലി. ഇന്ദിരാഗാന്ധിയുടെ ഭര്‍ത്താവും കോണ്‍ഗ്രസ് നേതാവുമായ ഫിറോസ് ഗാന്ധിയെ രണ്ട് തവണ ഇവിടുത്ത ജനത വിജയിപ്പിച്ചു. 1952ലും 57ലുമായിരുന്നു ഫിറോസിന്റെ വിജയം. 1962ലും 99ലും മാത്രമാണ് ഗാന്ധി കുടുംബത്തില്‍ നിന്ന് ആരും ഈ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടാതിരുന്നത്. ഗാന്ധി-നെഹ്റു കുടുംബത്തിന്റെ ഉറച്ച കോട്ടയാണ് ഇരുമണ്ഡലങ്ങളും. പതിറ്റാണ്ടുകളോളം ഈ കുടുംബമാണ് ഈ സീറ്റുകള്‍ കൈവശം വച്ചിരുന്നത്. അടിയന്തിരാവസ്ഥക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ഇന്ദിരാഗാന്ധിയെ തോല്പിച്ച റായ്ബറേലി. പിന്നീട് അതേ ഇന്ദിരയെ ജയിപ്പിച്ചും ഒപ്പം നിര്‍ത്തിയിരുന്നു.