മണിപ്പൂരിന്റെ മണ്ണിലേക്ക് ഇന്ന് രാഹുല്‍ എത്തും; അതീവ സുരക്ഷ

ഇംഫാല്‍: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് മണിപ്പൂര്‍ സന്ദര്‍ശിക്കും. പ്രതിപക്ഷ നേതാവെന്ന നിലയില്‍ രാഹുലിന്റെ ആദ്യ മണിപ്പൂര്‍ സന്ദര്‍ശനമാണിത്. സന്ദര്‍ശനത്തിന് മുന്നോടിയായി മണിപ്പൂരിലെ ജിരിബാം ജില്ലയില്‍ സുരക്ഷ ശക്തമാക്കിയതായി അധികൃതര്‍ അറിയിച്ചു, ഡ്രോണുകള്‍, ബലൂണുകള്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും മാര്‍ഗങ്ങളിലൂടെയുള്ള ഏരിയല്‍ ഫോട്ടോഗ്രാഫി അല്ലെങ്കില്‍ വീഡിയോഗ്രാഫി എന്നിവയൊക്കെ കര്‍ശനമായി നിരോധനിച്ചിട്ടുണ്ട്.

ആദ്യം അസമിലെത്തുന്ന രാഹുല്‍ ഗാന്ധി പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. തുടര്‍ന്നാണ് മണിപ്പൂരിലെത്തുക. അടുത്തിടെ സംഘര്‍ഷം നടന്ന മണിപ്പൂരിലെ ജിരിബാമിലെത്തി പലായനം ചെയ്യേണ്ടി വന്നവരെക്കണ്ട് രാഹുല്‍ സംസാരിക്കും.

തുടര്‍ന്ന് ഇംഫാലില്‍ എത്തുന്ന രാഹുല്‍ ചുരാചന്ദ്പൂരിലും മൊയിറാങിലും ദുരിതാശ്വാസ ക്യംപുകള്‍ സന്ദര്‍ശിക്കും. രണ്ട് വിഭാഗങ്ങളിലെയും നേതാക്കളുമായി രാഹുല്‍ ചര്‍ച്ച നടത്തും. സംസ്ഥാന ഗവര്‍ണ്ണര്‍ അനസൂയ ഉയിക്കയെ കണ്ട ശേഷം രാഹുല്‍ വാര്‍ത്താ സമ്മേളനം നടത്തുമെന്നും കോണ്‍ഗ്രസ് അറിയിച്ചു.

രാഹുലിന്റെ സന്ദര്‍ശനത്തിന് മുമ്പായി കോണ്‍ഗ്രസ് നേതാക്കളുടെ സംഘം രാഹുല്‍ സന്ദര്‍ശിക്കാന്‍ സാധ്യതയുള്ള ദുരിതാശ്വാസ ക്യാമ്പുകളില്‍ പരിശോധന നടത്തി.

അതേസമയം, സംസ്ഥാനത്തെ വംശീയ സംഘര്‍ഷങ്ങളില്‍ ബിജെപിയെ ശക്തമായി ലക്ഷ്യമിട്ടുകൊണ്ടാണ് രാഹുലിന്റെ വരവ്. വംശീയ സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിനും വടക്കുകിഴക്കന്‍ സംസ്ഥാനത്തെ ജനങ്ങളുമായി ബന്ധപ്പെടുന്നതിനുമാണ് രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം. ഹാഥ്‌റസ്‌ സന്ദര്‍ശിക്കാനും തിക്കിലും തിരക്കിലും പെട്ട് മരണപ്പെട്ടവരുടെ ഉറ്റവരെ കാണാനും രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം എത്തിയിരുന്നു.

More Stories from this section

family-dental
witywide