
തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന പത്മജ വേണുഗോപാലിനെ അധിക്ഷേപിച്ചതില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് കെപിസിസി നേതൃയോഗത്തില്‍ വിമര്‍ശനം. പത്മജയെ വിമർശിക്കാൻ രാഹുൽ മാങ്കൂട്ടത്തിൽ ലീഡർ കെ. കരുണാകരന്റെ പേര് ഉപയോഗിച്ചത് ശരിയായില്ലെന്ന് ശൂരനാട് രാജശേഖരന്‍ അഭിപ്രായപ്പെട്ടു. രാഹുലിന്‍റെ ഭാഷയില്‍ അഹങ്കാരത്തിന്‍റെ സ്വരമാണ്. പത്മജ പാർട്ടി വിട്ടതിനെ ന്യായീകരിക്കുന്നില്ലെന്നും ശൂരനാട് കൂട്ടിച്ചേര്‍ത്തു. ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് വി.ഡി. സതീശന്‍ മറുപടിയായി പറഞ്ഞു.
വിഷയങ്ങൾ നേരത്തെ സംസാരിച്ച് തീർത്തതാണെന്നും ഈ വിഷയത്തിൽ കൂടുതൽ ചർച്ച വേണ്ടെന്നുമുള്ള നിലപാടാണ് കെപിസിസി അദ്ധ്യക്ഷൻ്റെ താൽക്കാലിക ചുമതല വഹിക്കുന്ന എം എം ഹസൻ സ്വീകരിച്ചത്.
‘കേരള സമൂഹം പത്മജയെ വിശേഷിപ്പിക്കുന്നത് എന്താണ്, തന്തയ്ക്ക് പിറന്ന മകൾ എന്നാണോ, തന്തയെ കൊന്ന സന്താനം എന്നാണോ’ എന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പ്രതികരണം. കെ കരുണാകരൻ എന്ത് പാതകം ആണ് പത്മജയോട് ചെയ്തതെന്നും രാഹുൽ ചോദിച്ചിരുന്നു. രാഹുലിൻ്റെ പ്രതികരണത്തെ മുൻ പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല മാത്രമാണ് പരസ്യമായി തള്ളിപ്പറഞ്ഞത്. പത്മജക്കെതിരെ രാഹുല്‍ നടത്തിയ പ്രസ്താവനയോട് യോജിപ്പില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ കരുണാകരൻ്റെ ഭാര്യയെയാണ് അധിക്ഷേപിച്ചതെന്ന് കെ ബി ഗണേഷ് കുമാർ വിമർശിച്ചിരുന്നു.