
കൊച്ചി: കനത്ത മഴ നല്‍കിയ പ്രഹരം മാറാതെ ദുബായി. മഴയെത്തുടര്‍ന്നുള്ള വെള്ളപ്പൊക്കത്തില്‍ വ്യോമഗതാഗതം തടസ്സപ്പെട്ട ദുബായിലേയ്ക്ക് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നുളള വിമാനങ്ങള്‍ ഇന്നും റദ്ദാക്കി.
ഇന്നലെ രാത്രി 10.20 ന് കൊച്ചിയില്‍ നിന്നും ദുബൈക്ക് പോകേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം ഇതുവരെ പുറപ്പെട്ടില്ല. വിമാനം ഇന്ന് ഉച്ചക്ക് 12.15 ന് പുറപ്പെടുമെന്നാണ് അധികൃതരുടെ അറിയിപ്പ് എത്തിയിരിക്കുന്നത്. മാത്രമല്ല, രാവിലെ 10.30 ന് ദുബൈക്ക് പുറപ്പെടേണ്ട എമിറേറ്റ് വിമാനം ഉച്ചക്ക് 12.30 ന് പുറപ്പെടുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു.
പുലര്‍ച്ചെ 3.15 ന് എത്തേണ്ടിയിരുന്ന എയര്‍ അറേബ്യയുടെ ഷാര്‍ജ വിമാനവും, പുലര്‍ച്ചെ 2.45 ന് എത്തേണ്ട ഇന്‍ഡിഗോയുടെ ദോഹ വിമാനവും, വൈകിട്ട് 5.05 ന് ദുബൈയില്‍ നിന്നെത്തേണ്ട ഇന്‍ഡിഗോ വിമാനവും റദ്ദാക്കിയിട്ടുണ്ട്.
അതേസമയം, യാത്രക്കാരുടെ ചെക്ക് ഇന്‍ നടപടികള്‍ നിര്‍ത്തിവെച്ച നടപടി എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അത് ഇന്ന് രാവിലെ 9 വരെ നീട്ടിയിട്ടുണ്ട്. ദുബായ് എയര്‍പോര്‍ട്ട് ടെര്‍മിനല്‍ വണ്ണിലേക്കുള്ള പ്രവേശനം യാത്ര ഉറപ്പായ യാത്രികര്‍ക്ക് മാത്രമായി നിയന്ത്രിച്ചിട്ടുമുണ്ട്. എയര്‍പോര്‍ട്ടുകളില്‍ കുടുങ്ങിയ യാത്രക്കാരില്‍ ഭൂരിഭാഗവും ദുരിതത്തിലാണ്. ഫ്‌ളൈറ്റ് പുറപ്പെടേണ്ട കാലതാമസം ചെറുതായൊന്നുമല്ല യാത്രക്കാരെ കുഴയ്ക്കുന്നത്.