
ന്യൂഡല്‍ഹി: കൊടുംചൂടുകൊണ്ട് റെക്കോര്‍ഡ് തീര്‍ത്ത രാജ്യ തലസ്ഥാനത്തിന് ആശ്വാസ മഴ. ദേശീയ തലസ്ഥാന മേഖലയുടെ ആര്‍കെ പുരം അടക്കമുള്ള പ്രദേശങ്ങളെ തണുപ്പിച്ച് മഴയെത്തി. കൂടാതെ, ഹരിയാനയിലെ ഗുരുഗ്രാമിലും മഴ പെയ്തു.
ഡല്‍ഹിയില്‍ രാവിലെ മുതല്‍ മഴയുടെ അന്തരീക്ഷമുണ്ടായിരുന്നു. ഭാഗികമായി മേഘാവൃതമായ ആകാശമായിരുന്നു ഉണ്ടായിരുന്നത്. അതേസമയം, ഏറ്റവും കുറഞ്ഞ താപനില 28.4 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിയതായി ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. ആഴ്ചകളായി ഡല്‍ഹിയില്‍ 40 ഡിഗ്രി സെല്‍ഷ്യസിലധികം ചൂടായിരുന്നു അനുഭവപ്പെട്ടിരുന്നത്. കൊടും ചൂടിനിടെ ഡല്‍ഹിയില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസും പിന്നിട്ടിരുന്നു.
പകല്‍ സമയത്ത് ഡല്‍ഹി നഗരത്തിന്റെ ചില ഭാഗങ്ങളില്‍ നേരിയ മഴയ്ക്കൊപ്പം ഇടിമിന്നലുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.
#WATCH | Delhi: Slight respite from the sizzling heatwave; rain lashes parts of national capital
— ANI (@ANI) June 21, 2024
(Visuals from RK Puram) pic.twitter.com/3TWH5qAUE5
ജൂണ്‍ 11 മുതല്‍ 19 വരെയുള്ള ദിവസങ്ങളില്‍ കനത്ത ചൂടിനിരയായി 192 പേരാണ് ഡല്‍ഹിയില്‍ മാത്രം മരണത്തിന് കീഴടങ്ങിയത്. ഭവന രഹിതരായ ആളുകളാണ് തലസ്ഥാനത്ത് ഉള്‍പ്പെടെ ഉഷ്ണ തരംഗത്തിനിരയായിരുന്നത്. 24 മണിക്കൂറിനിടെ ഒരു ആശുപത്രിയില്‍ മാത്രം 13 മരണങ്ങളും ചൂടുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഉഷ്ണം വിഴുങ്ങിയ ഡല്‍ഹിക്ക് വലിയ ആശ്വാസമാണ് ഇപ്പോള്‍ ലഭിക്കുന്ന മഴ.












