‘അറസ്റ്റില്‍ രാജ്ഭവനും പങ്കുണ്ട്, കുറ്റം തെളിഞ്ഞാല്‍ രാഷ്ട്രീയം ഉപേക്ഷിക്കും’, വിശ്വാസവോട്ടെടുപ്പിനിടെ നിയമസഭയില്‍ ഹേമന്ത് സോറന്‍

റാഞ്ചി : ഭൂമി കുംഭകോണക്കേസില്‍ ജനുവരി 31ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തന്നെ അറസ്റ്റ് ചെയ്തതില്‍ ഗവര്‍ണര്‍ക്കും പങ്കുണ്ടെന്ന് അറസ്റ്റിലായ ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ തിങ്കളാഴ്ച അവകാശപ്പെട്ടു.

ചമ്പായി സോറന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിനുള്ള വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ പിഎംഎല്‍എ കോടതി അനുവദിച്ചതിന് ശേഷം ജാര്‍ഖണ്ഡ് നിയമസഭയില്‍ സംസാരിച്ച ഹേമന്ത് സോറന്‍ തന്റെ അറസ്റ്റിനെ ‘ഇന്ത്യയുടെ ജനാധിപത്യത്തിലെ ഇരുണ്ട അദ്ധ്യായം’ എന്ന് വിശേഷിപ്പിച്ചു.

ചെയ്യാത്ത കാര്യത്തിന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തുവെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ചമ്പായി സോറന്‍ ഹേമന്ത് സോറന് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.

ഭൂമി കുംഭകോണവുമായി തനിക്കുള്ള ബന്ധം തെളിയിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ ഹേമന്ത് സോറന്‍ നിയമസഭാ പ്രസംഗത്തില്‍ വെല്ലുവിളിച്ചു.

‘ഇന്ന്, 8.5 ഏക്കര്‍ ഭൂമി തട്ടിപ്പ് കേസിലാണ് എന്നെ അറസ്റ്റ് ചെയ്തിരിക്കുന്നത്, അവര്‍ക്ക് ധൈര്യമുണ്ടെങ്കില്‍, അവര്‍ എന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത പ്രസ്തുത ഭൂമിയുടെ രേഖകള്‍ കാണിക്കണം, അത് തെളിയിക്കപ്പെട്ടാല്‍ ഞാന്‍ രാഷ്ട്രീയത്തില്‍ നിന്ന് പുറത്തുപോകും,’ ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി പറഞ്ഞു