ജോസേട്ടന്റെ ആവേശം, ഈ‍ഡൻ ​ഗാർഡനിൽ വെ‌ടിക്കെട്ടുമായി രാജസ്ഥാന്റെ റോയൽ ജയം

കൊൽക്കത്ത: ആവേശം അലതല്ലിയ മത്സരത്തിൽ കൊൽക്കത്തയെ രണ്ട് വിക്കറ്റിന് തകർത്ത് രാജസ്ഥാന്റെ റോയൽ ജയം. സെഞ്ച്വറി നേടിയ ജോസ് ബട്ലറു‌ടെ ഒറ്റയാൻ പോരാട്ടമാണ് സ്വപ്ന തുല്യമായ ജയം സ്വന്തമാക്കാൻ സഹായിച്ചത്. ഒരു ഘട്ടത്തിൽ കൈവിട്ടു പോയെന്ന് തോന്നിച്ചെങ്കിലും അവിശ്വസനീയമായിരുന്നു തിരിച്ചുവരവ്. സ്കോർ: കൊൽക്കത്ത: 223‌/6, രാജസ്ഥാൻ: 224/8

ഇംപാക്ട് പ്ലെയറായി ഇറങ്ങി 60 പന്തിൽ 107 റൺസെടുത്ത് പുറത്താകാതെ നിന്ന ജോസ് ബട്‍ലറാണ് രാജസ്ഥാന്റെ വിജയശിൽപി. ആറു സിക്സറുകളും ഒൻപത് ഫോറുകളും അടങ്ങുന്നതായിരുന്നു ബട്‍ലറുടെ ഇന്നിങ്സ്. ആറിന് 121–6 എന്ന നിലയിൽ പരാജയം മണത്ത രാജസ്ഥാനെ മത്സരത്തിലേക്ക് കൈ പിടിച്ച് ഉയർത്തിയ റോവ്‍മാൻ പവലും രാജസ്ഥാന്റെ വിജയത്തിൽ നിർണായകമായി. വിജയത്തോടെ ഏഴു മത്സരങ്ങളിൽനിന്ന് ആറു വിജയവും 12 പോയന്റുമായി പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് രാജസ്ഥാൻ. നേരത്തെ സുനിൽ നരെയ്ന്റെ വെടിക്കെട്ട് ഇന്നിങ്സാണ് കൊൽക്കത്തക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്.

നരെയ്ൻ ആറു സിക്സറുകളുടെയും 13 ഫോറുകളുടെയും അകമ്പടിയോടെ 109 റൺസെടുത്തു. 224 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാന് യശസ്വി ജയ്സ്വാളും ജോസ് ബട്‍ലറും ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. സ്കോർ 22ൽ നിൽക്കെ ജെയ്സ്വാൾ( 9 പന്തിൽ 19) പുറത്ത്. ക്രീസിലെത്തിയ ക്യാപ്റ്റൻ സഞ്ജു സാംസണും അധികനേരം പിടിച്ചുനിൽക്കാനായില്ല. നാലാം ഓവറിൽ ഹർഷിത് റാണയുടെ പന്ത് നരെയ്ന്റെ കൈകളിൽ എത്തിച്ച് ക്യാപ്റ്റനും( 8 പന്തിൽ 12) പുറത്താ‌യി. പിന്നാലെ എത്തിയ റിയാൻ പരാഗ് ഉജ്ജ്വല ഫോമിലായിരുന്നു. ബട്ലർ മറു സൈഡിൽ നങ്കൂരമിട്ട് കളിക്കുകയും ചെയ്തതോ‌ടെ സ്കോറുർന്നു. ഇരുവരും ചേർന്ന് ഏഴാം ഓവറിൽ സ്കോർ 90 കടത്തി.

ഹർഷിത് റാണ എറിഞ്ഞ പന്ത് ഉയർത്തി അടിക്കാനുള്ള പരാഗിന്റെ ശ്രമം റസലിന്റെ കൈകളിൽ അവസാനിച്ചതോടെ കൊൽക്കത്ത വിജയം മണത്തു. 14 പന്തിൽ രണ്ടു സിക്സറുകളും നാലു ഫോറുകളുമായി 34 റൺസാണ് പരാഗ് നേടിയത്. ഒരുവശത്ത് ധ്രുവ് ജുറൽ(4 പന്തിൽ2), രവിചന്ദ്രൻ അശ്വിൻ(11 പന്തിൽ 8), ഷിമ്‍റോൺ ഹെറ്റ്മെയർ (1 പന്തിൽ 0) എന്നിവർ നിലയുറപ്പിക്കാതെ ക്രീസ് വിട്ടപ്പോൾ കൊൽക്കത്ത വിജയം ഉറച്ച മട്ടായി. എന്നാൽ പിന്നാലെയെത്തിയ റോവ്‍മാൻ പവൽ പതിയെ താളം കണ്ടെത്തി കൂറ്റൻ അടികളുമായി പിന്തുണ നൽകിയതോടെ പ്രതീക്ഷകൾ പൂത്തു.

നരെയ്ൻ എറി‍ഞ്ഞ പതിനാറാം ഓവറിൽ ആദ്യ ബോൾ ബൗണ്ടറി കടത്തിയ പവൽ തുടരെ രണ്ടു സിക്സറുകളും പറത്തി. എന്നാൽ അഞ്ചാം പന്തിൽ എൽബിഡബ്ല്യുവിന് പുറത്തായതോടെ ടീമിനെ ബട്ലർ ഒറ്റക്ക് തോളിലേറ്റി. ട്രെന്റ് ബോൾട്ട് റണ്ണോന്നുമെടുക്കാതെ പുറത്തായി. സ്കോർ 186–8. ബോൾട്ടിനു പിന്നാലെ ക്രീസിലെത്തിയ ആവേശ് ഖാനെ ഒരു വശത്തു നിർത്തി ബട്‍ലർ ഈ സീസണിലെ തന്റെ രണ്ടാം സെഞ്ചറി നേടി, ഒപ്പം രാജസ്ഥാന് ആറാം വിജയവും സമ്മാനിച്ചു. കൊൽക്കത്തക്കുവേണ്ടി രഘുവംശി( 18 പന്തിൽ 30), ശ്രേയസ് അയ്യർ(7 പന്തിൽ 11), ആന്ദ്രെ റസൽ(10 പന്തിൽ 13), റിങ്കു സിങ് (9 പന്തിൽ 20*) വെങ്കിടേഷ് അയ്യരു(6 പന്തിൽ 8) എന്നിവരാണ് ബാറ്റ് ചെയ്തത്.

Rajasthan beat KKR in Thrilling chase