
കാൺപൂർ: നാലു ബീഗവും(ഭാര്യ) 36 കുട്ടികളും എന്നത് ഒരിക്കലും അനുവദിക്കാനാകില്ലെന്ന ബിജെപി എംഎല്‍എ ബാല്‍മുകുന്ദ് ആചാര്യയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. ജനസംഖ്യാനിയമം കൊണ്ടുവരികയാണ് പാര്‍ട്ടിയുടെ ലക്ഷ്യമെങ്കില്‍ കോണ്‍ഗ്രസ് പിന്തുണക്കും, എന്നാൽ മുസ്‌ലിം വിഭാഗത്തെ ലക്ഷ്യം വെക്കുക മാത്രമാണ് ബിജെപിയുടെ ഉദ്ദേശ്യമെന്ന് കോൺഗ്രസ് വിമർശിച്ചു. ബിജെപി മുസ്ലിംകളെ വേട്ടയാടുന്നുവെന്ന് കോണ്‍ഗ്രസ് എംഎല്‍എ ഹരിമോഹന്‍ ശര്‍മ പറഞ്ഞു.
“ജനസംഖ്യാ നിയമം കൊണ്ടുവരുകയാണെങ്കിൽ, കോൺഗ്രസ് അതിനെ പിന്തുണയ്ക്കും. എന്നാൽ നിയമം കൊണ്ടുവരുന്നതിന് പകരം മുസ്ലിം സമുദായത്തെ ലക്ഷ്യം വെക്കുകയാണ് ബിജെപിയുടെ ഉദ്ദേശ്യം,“ അദ്ദേഹം പറഞ്ഞു.
രണ്ട് കുട്ടികൾ മാത്രം മതിയെന്ന ഏകീകൃത ജനസംഖ്യ നയം രാജ്യം മുഴുവൻ നടപ്പാക്കണമെന്ന വിശ്വഹിന്ദു പരിഷത്തിന്റെ നിർദേശത്തിനു പിന്നാലെയായിരുന്നു രാജസ്ഥാൻ ബിജെപി എംഎൽഎ ബാൽമുകുന്ദ് ആചാര്യ വിവാദ പരാമർശവുമായി രംഗത്തെത്തിയത്.
“നാലു ബീഗവും 36 കുട്ടികളും എന്ന രീതി ഒരിക്കലും അനുവദിക്കാൻ പാടില്ല. ഒരു രാജ്യത്തിന് ഒരു നിയമം വേണമെന്ന് കഴിഞ്ഞ കുറേ വർഷങ്ങളായി ഞാൻ നിരന്തരം ആവശ്യപ്പെടുന്നു. നേരത്തെ ജമ്മു കശ്മീർ സന്ദർശിക്കുമ്പോൾ ഞങ്ങൾ ഇന്ത്യയിൽ നിന്നാണോ എന്ന് ചോദിച്ചിരുന്നു. അന്ന് വളരെയധികം വേദന തോന്നി. ഇന്ന് 370ാം വകുപ്പ് എടുത്തുകളഞ്ഞതിന് ശേഷം രാജ്യത്തുടനീളം നടപ്പാക്കുന്ന നിയമം ജമ്മു കശ്മീരിലും നടപ്പാക്കുന്നു,”എന്നായിരുന്നു ആചാര്യയുടെ പരാമർശം.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ജനസംഖ്യാ നിയന്ത്രണവുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് നടത്തുന്ന രണ്ടാമത്തെ പരാമർശമാണിത്. രണ്ടോ മൂന്നോ കുട്ടികളിൽ കൂടുതലുള്ള കുടുംബങ്ങൾക്ക് സർക്കാർ സൗകര്യങ്ങളുടെ ഒരു ആനുകൂല്യവും ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് ഞായറാഴ്ച നഗരവികസന, ഭവന മന്ത്രി ജബർ സിംഗ് ഖാർര പറഞ്ഞിരുന്നു