
ന്യൂഡൽഹി: രാജസ്ഥാനിലെ അജ്മീറിൽ മുസ്ലീം പള്ളിയിലെ പുരോഹിതനെ മുഖംമൂടി ധരിച്ച മൂന്ന് പേർ ചേർന്ന് അടിച്ചുകൊലപ്പെടുത്തി. ശനിയാഴ്ച രാംഗഞ്ചിലെ കാഞ്ചൻ നഗറിലുള്ള മുസ്ലീം പള്ളിയിൽ ആറ് കുട്ടികളോടൊപ്പം ഉറങ്ങുകയായിരുന്നു മുഹമ്മദ് മാഹിർ. ഈ സമയത്താണ് അക്രമം നടന്നത്. ഉത്തർപ്രദേശിലെ രാംപുര സ്വദേശിയായ 30 കാരനായ പുരോഹിതനാണ് കൊല്ലപ്പെട്ടത്.
അക്രമികൾ പള്ളിയിൽ പ്രവേശിച്ച് പുരോഹിതനെ വടികൊണ്ട് ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുട്ടികൾ സഹായത്തിനായി നിലവിളിക്കാൻ തുടങ്ങിയതോടെ അജ്ഞാതർ അവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പുരോഹിതന്റെ മൊബൈൽ ഫോണും ഇവർ എടുത്തുകൊണ്ടുപോയി.
പ്രതികൾ ഓടി രക്ഷപ്പെട്ടതിനെ തുടർന്ന് കുട്ടികൾ പള്ളിക്ക് പുറത്ത് വന്ന് അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പോലീസ് പറഞ്ഞു.
കൊലപാതകത്തിൻ്റെ കാരണം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് രാംഗഞ്ച് പോലീസ് സ്റ്റേഷൻ ഇൻചാർജ് രവീന്ദ്ര ഖിഞ്ചി പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 302 (കൊലപാതകം) പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.