
ന്യൂഡല്‍ഹി: എടുത്ത ലോട്ടറി തൂക്കിവിറ്റാല്‍ പുതിയൊരു വീട് വാങ്ങാമായിരുന്നു എന്ന് സ്ഥിരമായി ലോട്ടറിയെടുക്കുന്നവരെ പലരും കളിയാക്കി പറയാറുണ്ട്. ലോട്ടറി അടിക്കാനുള്ള സാധ്യത വളരെ കുറവായതുകൊണ്ട് പലപ്പോഴും, ചിലപ്പോള്‍ ജീവിതത്തില്‍ ഒരിക്കല്‍പ്പോലും ലോട്ടറിയടിക്കാതെ നിരാശരായവര്‍ നിരവധിയാണ്. നമ്മളില്‍ പലരും പലപ്പോഴും പ്രതീക്ഷയോടെ എടുത്ത ലോട്ടറി ഫലം അറിയുമ്പോള്‍ നിരാശരായി ടിക്കറ്റ് ചുരുട്ടി കളയാറുണ്ട്. എങ്കിലും വീണ്ടും ഇനിയെങ്ങാനും ലോട്ടറിയടിച്ച് ലക്ഷ പ്രഭുവോ കോടീശ്വരനോ ആയാലോ എന്ന് വിചാരിച്ച് വീണ്ടും വീണ്ടും ലോട്ടറി എടുക്കുകയും ചെയ്യാറുണ്ട്. പലരും. എന്തായാലും ഭാഗ്യം തുണച്ച ഒരു ലോട്ടറിയുടെ കാര്യമാണ് പറയാന്‍ പോകുന്നത്. അതും പലരുടേയും സ്വപ്‌നമായ അബുദാബി ബിഗ് ടിക്കറ്റ്. ഇത്തവണത്തെ അബുദാബി പ്രതിവാര ലോട്ടറിയടിച്ചത് യുഎഇയിലെ ഇന്ത്യന്‍ പ്രവാസിയായ മലയാളിയായ രാജീവ് അരീക്കാട്ടിനാണ്. അതും 15 മില്യണ്‍ ദിര്‍ഹം. എന്നുവെച്ചാല്‍ ഏകദേശം 33 കോടി രൂപ!.
രാജീവിന് ഇത് ഒരു ‘സ്വപ്‌നം സാക്ഷാത്കരിക്കപ്പെട്ട’ നിമിഷമായിരുന്നു. നറുക്കെടുപ്പിനായി ആകെ ആറ് ടിക്കറ്റുകള്‍ വാങ്ങിയതിനാല്‍ ഇത്തവണ വിജയിക്കുമെന്ന് രാജീവിന് വലിയ പ്രതീക്ഷയുണ്ടായിരുന്നു. കേരളത്തില്‍ നിന്നുള്ള രാജീവ് അരീക്കാട്ട്, യുഎഇ നഗരമായ അല്‍ ഐനിലെ ഒരു ആര്‍ക്കിടെക്ചറല്‍ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്
പത്തു വര്‍ഷത്തിലേറെയായി യുഎഇയില്‍ താമസിക്കുന്ന രാജീവ് ജനുവരി 10 നാണ് ലോട്ടറി ടിക്കറ്റ് എടുക്കുന്നത്. അതും മക്കളുടെ ജനനത്തീയതി പ്രകാരമുള്ള 7, 13 നമ്പറുകളിലുള്ള ടിക്കറ്റുകളാണ് 40 കാരനായ രാജീവ് വാങ്ങിയിരുന്നത്. ഭാഗ്യം തുണയ്ക്കുകയും ചെയ്തു. സൗജന്യമായി ലഭിച്ച ടിക്കറ്റിലൂടെയാണ് വിജയമെത്തിയത്. രണ്ട് ടിക്കറ്റ് വാങ്ങിയപ്പോള്‍ പ്രത്യേക ഓഫറിലൂടെ നാല് ടിക്കറ്റുകള്‍ സൗജന്യമായി ലഭിക്കുകയായിരുന്നു. എല്ലായ്‌പ്പോഴും വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഇത്തവണ നറുക്കെടുപ്പില്‍ ആറ് ടിക്കറ്റുകള്‍ ഉണ്ടായിരുന്നതിനാല്‍ നല്ല വിജയ പ്രതീക്ഷ ഉണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഭാര്യയും അഞ്ചും എട്ടും പ്രായമുള്ള രണ്ട് മക്കളുമൊത്താണ് രാജീവ് അബുദാബിയില്‍ കഴിയുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷമായി തുടര്‍ച്ചയായി ലോട്ടറി എടുക്കാറുണ്ട് രാജീവ്. രാജീവിനൊപ്പം 20 മലയാളികള്‍ ചേര്‍ന്നെടുത്ത ടിക്കറ്റാണ് സമ്മാനത്തിന് അര്‍ഹമായത്. അതുകൊണ്ടുതന്നെ തന്റെയും കൂടെ ഉള്ളവരുടേയും ജീവിതം മാറ്റുന്ന നിമിഷമാണ് എത്തിയതെന്നാണ് രാജീവ് പറയുന്നത്.









